പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്; കരാറുകാരന് മുന്‍കൂറായി പണം നല്‍കിയത് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിട്ടാണെന്ന് ടി.ഒ സൂരജ്
Kerala News
പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്; കരാറുകാരന് മുന്‍കൂറായി പണം നല്‍കിയത് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിട്ടാണെന്ന് ടി.ഒ സൂരജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2019, 7:17 pm

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ആരോപണവുമായി അറസ്റ്റിലായ മുന്‍ പൊതുമരാമത്തു സെക്രട്ടറി ടി.ഒ സൂരജ്. പാലം ക്രമക്കേടില്‍ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് സൂരജ് പറഞ്ഞു.

ജാമ്യാപേക്ഷയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സൂരജിന്റെ ആരോപണം. കരാറുകാരന് മുന്‍കൂറായി പണം നല്‍കാന്‍ നിര്‍ദേശിച്ചത് ഇബ്രാഹിം കുഞ്ഞായിരുന്നെന്ന് സൂരജ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

8.25 കോടി രൂപ മന്ത്രിയുടെ നിര്‍ദേശാനുസരണം നല്‍കിയെന്നാണ് സൂരജിന്റെ വാദം. നേരത്തെ, പാലം നിര്‍മാണത്തിനുള്ള ഭരണാനുമതി മാത്രമാണ് താന്‍ നല്‍കിയതെന്നാണ് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നത്.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി സൂരജ് ഉള്‍പ്പെടെ നാല് പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

മേല്‍പാലം നിര്‍മാണത്തിലെ അഴിമതിയുടെ ആരംഭം സൂരജ് പൊതുമരാമത്തു സെക്രട്ടറിയായിരുന്ന കാലത്താണെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാലം നിര്‍മിച്ച ആര്‍.ഡി.എസ് പ്രോജക്ട്‌സിന്റെ എം.ഡി സുമിത് ഗോയല്‍, കിറ്റ്‌കോ മാനേജിങ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മുന്‍ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കേരള റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷന്‍ മുന്‍ അഡീഷണല്‍ മാനേജര്‍ എം.ടി തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരെ നേരത്തെ ചോദ്യം ചെയ്തു കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

പാലത്തിന്റെ രൂപരേഖയില്‍ വിദഗ്ധ സംഘം അപാകതകള്‍ കണ്ടെത്തിയിരുന്നു. ഈ രൂപരേഖ അംഗീകരിച്ചതു സൂരജിന്റെ കാലത്താണ്.