'എല്ലാവര്‍ക്കും വന്ന് കാണാന്‍ ക്ഷേത്രങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രമല്ല' ; പഴനിയിലും ഉപക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ കയറരുതെന്ന് മദ്രാസ് ഹൈകോടതി
India
'എല്ലാവര്‍ക്കും വന്ന് കാണാന്‍ ക്ഷേത്രങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രമല്ല' ; പഴനിയിലും ഉപക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ കയറരുതെന്ന് മദ്രാസ് ഹൈകോടതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 31st January 2024, 12:10 pm

 

ചെന്നൈ: അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ തമിഴ്‌നാട്ടിലെ പഴനിയിലും ഉപക്ഷേത്രങ്ങളിലും സ്ഥാപിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിനോടായിരുന്നു കോടതിയുടെ നിര്‍ദേശം.

അഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചതായി ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മധുര ബെഞ്ചിലെ ജസ്റ്റിസ് എസ്. ശ്രീമതിയുടെ ഉത്തരവ്. എല്ലാവര്‍ക്കും വന്ന് പോകാന്‍ ക്ഷേത്രം ഒരു ടൂറിസ്റ്റ് കേന്ദ്രമോ പിക്‌നിക് സ്‌പോട്ടോ അല്ലെന്നായിരുന്നു ജഡ്ജി പറഞ്ഞത്.

ക്ഷേത്രത്തില്‍ പോകുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നത് ഹിന്ദുക്കളുടെ മൗലികാവകാശമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡിണ്ടിഗല്‍ ജില്ലയിലെ പ്രശസ്തമായ പഴനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി .സെന്തില്‍കുമാര്‍ എന്നയാള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

ക്ഷേത്ര കവാടങ്ങളിലും കൊടിമരത്തിന് സമീപവും മറ്റ് പ്രമുഖ സ്ഥലങ്ങളിലും കൊടിമരത്തിന് അപ്പുറത്തേക്ക് അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ലെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് കോടതി നിര്‍ദേശിച്ചത്.

ഇനി അഥവാ അഹിന്ദുവായ ഒരാള്‍ക്ക് ദേവനെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്ക് ഹിന്ദുമതത്തില്‍ വിശ്വാസമുണ്ടായിരിക്കണമെന്നും ക്ഷേത്ര ആചാരങ്ങള്‍ അനുസരിക്കാന്‍ സന്നദ്ധരാണെന്ന് തെളിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

‘ഏതെങ്കിലും അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ ഒരു പ്രത്യേക ദേവനെ ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അവരില്‍ നിന്നും ഒരു ഉടമ്പടി വാങ്ങേണ്ടതുണ്ട്. അവര്‍ക്ക് ഹിന്ദു ദൈവത്തില്‍ വിശ്വാസമുണ്ടെന്നും ഹിന്ദു മതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാന്‍ അവര്‍ തയ്യാറാണെന്നും കൂടാതെ ക്ഷേത്ര ആചാരങ്ങള്‍ അതേ പടി അനുസരിക്കാമെന്നുമുള്ള ഉടമ്പടി ആയിരിക്കണം അത്. അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ക്ഷേത്രം സന്ദര്‍ശിക്കാം’ കോടതി പറഞ്ഞു.

ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭക്തര്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ക്ഷേത്രഭരണ സ്ഥാപനങ്ങളാണെന്നും കോടതി പറഞ്ഞു.

സാമുദായിക സൗഹാര്‍ദവും സമാധാനവും ഉറപ്പാക്കാന്‍ എല്ലാ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ കോടതി ഈ ഉത്തരവ് പഴനി ക്ഷേത്രത്തില്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞു.

‘ഹരജിയില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഒരു വലിയ വിഷയമാണ്, പഴനിയിലും ഉപക്ഷേത്രങ്ങള്‍ക്കും ഇത് ബാധകമാണ്. ഈ നിയന്ത്രണങ്ങള്‍ വിവിധ മതങ്ങള്‍ക്കിടയില്‍ സാമുദായിക സൗഹാര്‍ദം ഉറപ്പാക്കുകയും സമൂഹത്തില്‍ സമാധാനം ഉറപ്പാക്കുകയും ചെയ്യും. സംസ്ഥാന സര്‍ക്കാര്‍, എച്ച്.ആര്‍ ആന്‍ഡ് സി.ഇ വകുപ്പ്, ഹരജിക്കാര്‍ ക്ഷേത്ര ഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ ഈ നിര്‍ദേശം നടപ്പാക്കുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്’ കോടതി പറഞ്ഞു.

Content Highlight: Palani temple not a picnic spot; non-Hindus cannot be allowed inside the temple Madras High Court