| Sunday, 16th June 2019, 8:11 pm

പാലക്കാട് ഡി.വൈ.എഫ്.ഐയില്‍ പൊട്ടിത്തെറി; പി.കെ ശശി എം.എല്‍.എക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവ് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് ഡി.വൈ.എഫ്.ഐയില്‍ പൊട്ടിത്തെറി. പി.കെ ശശി എം.എല്‍.എക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവ് രാജിവെച്ചു. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ല കമ്മിറ്റി അംഗമാണ് യുവതി.

പി.കെ ശശിക്കെതിരെ നിലപാടെടുത്തവരെ തരം താഴ്ത്താന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടപടി. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഭാരവാഹികളെ മാറ്റാനും നിര്‍ദേശിച്ചിരുന്നു.

വനിതാ നേതാവിന്റെ പീഡന പരാതിയെ തുടര്‍ന്ന് പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്ത സി.പി.ഐ.എമ്മിന്റെ അച്ചടക്ക നടപടി കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. നവംബര്‍ 26നാണ് ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ പി.കെ ശശിയെ സി.പി.ഐ.എം സസ്‌പെന്‍ഡ് ചെയ്തത്. ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്.

യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മിറ്റിയംഗങ്ങളായ മന്ത്രി എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശുപാര്‍ശ.

യുവതി നല്‍കിയ പരാതിയില്‍ പാര്‍ട്ടി പി.കെ.ശശിയുടെ വിശദീകരണം തേടിയിരുന്നു. ശശി നല്‍കിയ വിശദീകരണം കൂടി സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. യുവതിയുമായി ശശി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഈ നിലപാടിനെച്ചൊല്ലി കമ്മിഷനില്‍ തര്‍ക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ.കെ ബാലന്റെ അഭിപ്രായം പി.കെ ശ്രീമതി അംഗീകരിച്ചില്ല. വിഭാഗീയതയാണ് ആരോപണത്തിനു പിന്നിലെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഏകകണ്ഠമായാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

We use cookies to give you the best possible experience. Learn more