പാലക്കാട്: ലോകം ഇത്രയൊക്കെ പുരോഗമിച്ചിട്ടും എയ്ഡ് ബാധിതകരായവരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം എയ്ഡ് ബാധിതര്‍ക്കായി പാലക്കാട് നടത്തിയ ഓണസദ്യയോടുള്ള പലരുടേയും സമീപനം
എച്ച്.ഐ.വി എയ്ഡ്‌സ് ബാധിതരോട് സമൂഹം എങ്ങനെ പെരുമാറുന്നു എന്നത് നേരിട്ടനുഭവിക്കുകയായിരുന്നു പ്രിന്‍സ് ജോണും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും. എച്ച്.ഐ.വി ബാധിതര്‍ക്ക് ഓണസദ്യ നല്‍കാനാണെന്ന് പറഞ്ഞപ്പോള്‍ ഒരു ഓഡിറ്റോറിയവും ഇവര്‍ക്ക് ലഭ്യമായില്ല.
ഓഡിറ്റോറിയം തരുന്നതിന് പ്രശ്‌നമുണ്ടായിട്ടില്ലെന്നും എന്നാല്‍ പിന്നീട് തങ്ങള്‍ക്ക് മറ്റ് ഓര്‍ഡറുകള് ലഭിക്കില്ലെന്ന ഭയമാണ് ഓഡിറ്ററോറിയം തരാത്തിതിന് പിന്നിലെന്ന് മാനജേമെന്റുകള്‍ അറിയിച്ചതായും പ്രിന്‍സ് ജോണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഓണസദ്യ നല്‍കാനായി സമീപിച്ച മൂന്നു കാറ്ററിംഗ് കമ്പനികളും ആവശ്യം പറഞ്ഞപ്പോള്‍ പിന്‍മാറി. ഒടുവില്‍ ഒരു കാറ്ററിങ് കമ്പനി തയ്യാറായി. പക്ഷേ വിളമ്പാന്‍ ആളുകളെ പുറത്തുനിന്ന് കൊണ്ടുവരണമെന്നായിരുന്നു അവര്‍ പറഞ്ഞത്. വിളമ്പാനുള്ള ആളുകളെ കോണ്‍ട്രാക്ട് എടുക്കാറാണ് പതിവ്. എന്നാല്‍ എച്ച്.ഐ.വി ബാധിതര്‍ക്ക് ഭക്ഷണം വിളമ്പാനാണെന്നറിഞ്ഞപ്പോള്‍ പലരും എത്തിയില്ലെന്ന് കാറ്ററിങ്ങുകാര്‍ അറിയിച്ചതായും പ്രിന്‍സ് പറയുന്നു.
നളന്ദ ഓഡിറ്റോറിയം നല്‍കാന്‍ തയ്യാറായി അവര്‍ രംഗത്തെത്തിയെങ്കിലും. അവിടേയും ഓണസദ്യ വിളമ്പാന്‍ അവിടെയും തൊഴിലാളികള്‍ ഇല്ലായിരുന്നു.
ഓണസദ്യ നല്‍കാനായി അവസാന ദിവസം ഹാള്‍ നല്‍കാമെന്ന് ഏറ്റിരുന്ന സ്‌കൂളും ഒടുവില്‍ പിന്‍മാറി. സ്‌കൂളുകള്‍ നല്‍കുന്നതിന് പ്രശ്‌നമുണ്ടായിരുന്നില്ലെന്നും എന്നാല്‍ പി.ടി.എയിലെ പല രക്ഷിതാക്കളുടേയും ഇതിനെ എതിര്‍ക്കുന്നു എന്നുമായിരുന്നു മാനേജ്‌മെന്റ് തങ്ങളോട് പറഞ്ഞത്
ഈ പ്രതിസന്ധികള്‍ക്കെല്ലാം ശേഷം പാലക്കാടെ യാക്കര വെസ്റ്റ് യു.പി സ്‌കൂളില്‍വെച്ച് പരിപാടി നടത്താന്‍ തങ്ങള്‍ക്കായെന്ന് പ്രിന്‍സ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. സദ്യവിളമ്പാനും മറ്റും ആളില്ലെന്ന് അറിഞ്ഞതോടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ സുഹൃത്തുക്കള്‍ തിരുവനന്തപുരത്ത് നിന്ന് വരെ എത്തി.
ഈ വിവരങ്ങള്‍ എല്ലാം അറിഞ്ഞ പാലക്കാടെ തന്നെ സിസ്റ്റര്‍ ഫോന്‍സി, ബിനോയ് ജേക്കബ് എന്നിവരും എത്തി. ഇവരുടെ സഹായമില്ലായിരുന്നെങ്കില്‍ ഇത്തരമൊരു പരിപാടി ഒരിക്കലും എളുപ്പമാകുമായിരുന്നില്ലെന്ന് പ്രിന്‍സ് പറയുന്നു.
120 ഓളം പേര്‍ക്ക് ഓണസദ്യ നല്‍കിയ പരിപാടിയില്‍ പങ്കാളികളായി സഖ്യാ സൊസൈറ്റിയും, ഫെയ്സ്ബുക്ക് കൂട്ടായ്മയായ കലപിലയും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ എന്‍.ഐ.ഐ.എസ്.ടിയും, കോട്ടയം സി.എം.എസ് കോളേജിലെ കൂട്ടുകാരും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പാലക്കാടുനിന്നുള്ള ഒരുപാടുപേരും പരിപാടിയില്‍ ഒത്തുചേര്‍ന്നു.
നാളെക്കുറിച്ച് പ്രതീക്ഷ നല്‍കുന്ന ഇടപെടലുകളായിരുന്നു കേരളത്തിന്റെ എല്ലാ ജില്ലകളില്‍നിന്നും പ്രവാസികളായ സുഹൃത്തുക്കളില്‍നിന്നും തങ്ങള്‍ക്ക് ലഭിച്ചതെന്നും പ്രിന്‍സ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.