| Friday, 27th September 2019, 9:24 pm

ഗവ.വിക്റ്റോറിയ കോളേജില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധം ; ആദിവാസി പെണ്‍കുട്ടിയെ ആശുപത്രിയില്‍ തനിച്ചാക്കി അധ്യാപകര്‍ തിരികെ പോന്നെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് ഗവ.വിക്റ്റോറിയ കോളേജില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധം. അട്ടപ്പാടി സ്വദേശിയായ ആദിവാസി പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തനിച്ചാക്കി ഹോസ്റ്റല്‍ വാര്‍ഡനും, ആര്‍.ഡിയും തിരികെ പോന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

സിക്കിള്‍ സെല്‍ അനീമിയ ബാധിതയായ പെണ്‍കുട്ടിയെ കടുത്ത വയറുവേദനയെ തുടര്‍ന്ന് വ്യാഴാഴ്ച ഹോസ്റ്റല്‍ വാര്‍ഡനും റെസിഡന്റ് ടീച്ചറും ഒരു സുഹൃത്തും ചേര്‍ന്ന് പാലക്കാട് ഗവ.ആശുപത്രിയില്‍ കാണിച്ചു. എന്നാല്‍ അവിടെ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ട പ്രകാരം കുട്ടിയെ അധ്യാപകര്‍ അവിടെ എത്തിക്കുകയായിരുന്നു. ഐ.സി.യു വില്‍ ആക്കിയ കുട്ടിയെ തനിച്ചാക്കി രക്ഷിതാക്കള്‍ എത്തുന്നതിനു മുന്‍പ് അധ്യാപകര്‍ ഹോസ്റ്റലില്‍ തിരിച്ചെത്തി എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

കൂടെ പോയ സുഹൃത്തിനെയും കുട്ടിക്കൊപ്പം നില്‍ക്കാന്‍ അനുവദിക്കാതെ അധ്യാപകര്‍ക്കൊപ്പം മടക്കിക്കൊണ്ടു വന്നുവെന്നും പറയുന്നു. സുഹൃത്തിനെ നിശ്ചിത സമയത്തിനുള്ളില്‍ ഹോസ്റ്റലില്‍ ആക്കണമെന്നാണ് അധ്യാപകര്‍ കാരണമായി പറഞ്ഞതെന്നും വിദ്യാര്‍ത്ഥികള്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അട്ടപ്പാടിയില്‍ നിന്ന് കുട്ടിയുടെ ബന്ധുക്കള്‍ എത്താന്‍ താമസിക്കും എന്ന കാരണത്താല്‍ അധ്യാപകര്‍ തിരികെ പോരുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കുട്ടിയെ എസ്.ടി പ്രൊമോട്ടറെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും രക്ഷിതാക്കള്‍ എത്തുമെന്നുമാണ് ഹോസ്റ്റലില്‍ തിരിച്ചെത്തിയ അധ്യാപകര്‍ അവിടെയുള്ള കുട്ടിയുടെ സുഹൃത്തുകളോട് പറഞ്ഞത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ എസ്.ടി പ്രൊമോട്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അധ്യാപകര്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അധ്യാപകരാരും തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ആശുപത്രി അധികൃതരാണ് തന്നെ ബന്ധപ്പെട്ടതെന്നും ട്രൈബല്‍ ഹെല്‍ത്ത് പ്രെമോട്ടറായ ബിനേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. താന്‍ എത്തിയപ്പോഴേക്കും അധ്യാപകര്‍ തിരിച്ചു പോയിട്ടുണ്ടായിരുന്നെന്നും പ്രെമോട്ടര്‍ പറഞ്ഞു.’അധ്യാപകരാരും വിളിച്ചിട്ടില്ല. നഴ്സുമാര്‍ വിളിച്ചപ്പോള്‍ അധ്യാപകര്‍ ആശുപത്രിയില്‍ നിന്നും തിരികെ പോയിരുന്നു.ഡ്യൂട്ടി കഴിഞ്ഞ് ഞാന്‍ എത്താന്‍ വൈകുമെന്നും ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു.’ ബിനേഷ് പറഞ്ഞു.

തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ കോളെജ് പ്രിന്‍സിപ്പാളിനെ ഉപരോധിക്കുകയും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തത്. കുറ്റക്കാരായ ആളുകള്‍ക്കെതിരെ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യം.

ഹോസ്റ്റല്‍ വാര്‍ഡനെയും ആര്‍.ട്ടിയെയും സസ്പെന്റ് ചെയ്യണമെന്ന ആവശ്യവും വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വക്കുന്നുണ്ട്. പ്രിന്‍സിപ്പാള്‍ സ്ഥലത്തില്ലാത്തതിനാല്‍ നടപടി വൈകുമെന്നാണ് അറിയാന്‍ കഴിയുന്നത്.പ്രിന്‍സിപ്പാള്‍ എത്തിയാല്‍ ഉടനെ കൗണ്‍സില്‍ മീറ്റിംഗ് കൂടി തീരുമാനമെടുക്കുമെന്നും വൈസ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൗണ്‍സില്‍ മീറ്റിംഗ് വൈകിപ്പിക്കില്ലെന്ന ഉറപ്പ് വൈസ് പ്രിന്‍സിപ്പാള്‍ നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

അസുഖ ബാധിതയായ വിദ്യാര്‍ത്ഥിക്ക് സ്ഥിരമായി മരുന്നു കഴിക്കേണ്ടതായിരുന്നു എന്നും എന്നാല്‍ കുറച്ചു ദിവസങ്ങളായി മരുന്ന് മുടങ്ങിയിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

‘രാത്രിയോടെയാണ് വിദ്യാര്‍ത്ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അധ്യാപകരും സുഹൃത്തും ചേര്‍ന്ന് കൊണ്ടുപോയത്. സിക്കിള്‍ സെല്‍ അനീമിയ ബാധിതയാണ് വിദ്യാര്‍ത്ഥി. സ്ഥിരമായി അവള്‍ക്ക് മരുന്നു കഴിക്കേണ്ടതായിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായി മരുന്നു മുടങ്ങിയിരുന്നു.കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത്’ വിദ്യാര്‍ത്ഥിയുടെ സുഹൃത്തായ ആര്യ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘അധ്യാപകര്‍ അവളെ ഒറ്റയ്ക്കാക്കി ആശുപത്രിയില്‍ നിന്നും തിരികെ പോരുകയായിരുന്നു. പ്രെമോട്ടറെ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് ഞങ്ങള്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ കുറച്ചു പേര്‍ പ്രെമോട്ടറെ വിളിച്ചപ്പോള്‍ അധ്യാപകര്‍ അവരെ വിളിച്ചിട്ടില്ലെന്നു പറഞ്ഞു. ആശുപത്രിയിലെ നഴ്സുമാരാണ് തന്നെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ രോഗബാധിതനായതുകൊണ്ട് കുടുംബം ആശുപത്രിയില്‍ എത്താന്‍ വൈകുമെന്ന് അറിഞ്ഞിട്ടും അധ്യാപകര്‍ തിരികെ പോരുകയായിരുന്നു. കൂടെ പോയ സുഹൃത്തിനെയും അധ്യാപകര്‍ തിരികെ കൂട്ടി.ഹോസ്റ്റലില്‍ കയറേണ്ടതിനാല്‍ ഉത്തരവാദിത്വം ഞങ്ങള്‍ക്കാണെന്ന് പറഞ്ഞായിരുന്നു സൃഹൃത്തിനെ ആശുപത്രിയില്‍ വിദ്യാര്‍ത്ഥിക്കൊപ്പം നിര്‍ത്താതെ കൂടെകൂട്ടിയത് ‘എന്നും ആര്യ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘അവള്‍ക്കൊപ്പം നില്‍ക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എസ്.ടി പ്രെമോട്ടര്‍ എത്തുമെന്നും തനിയെ ആശുപത്രിയില്‍ നില്‍ക്കേണ്ടെന്നും അധ്യാപകര്‍ പറയുകയായിരുന്നു. അവളുടെ രക്ഷിതാക്കള്‍ എത്തിക്കൊള്ളുമെന്നും അധ്യാപകര്‍ പറഞ്ഞു. എന്നാല്‍ അവളുടെ അച്ഛന്‍ പാമ്പുകടിയേറ്റ് ചികിത്സയിലാണ്. കൂടാതെ അട്ടപ്പാടിയില്‍ നിന്നും തൃശൂര്‍ എത്തുമ്പോഴേക്കും സമയമെടുക്കും. അത്രയും നേരം കാത്തുനില്‍ക്കാന്‍ അധ്യാപകര്‍ തയ്യാറായില്ല. വൈകിയാല്‍ ഹോസ്റ്റലില്‍ വിഷയമാകുമെന്നും അവര്‍ പറഞ്ഞു.’ വിദ്യാര്‍ത്ഥിയുടെ കൂടെ ആശുപത്രിയില്‍ പോയ സുഹൃത്ത് സംഗീത ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം രോഗബാധിതയായ വിദ്യാര്‍ത്ഥിയെ എസ്.ടി പ്രെമോട്ടറെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ ചെയ്തിരുന്നെന്നാണ് വിദ്യാര്‍ത്ഥിക്കൊപ്പം ആശുപത്രിയില്‍ പോയ അധ്യാപിക ഷേര്‍ലി ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

സംഭവത്തില്‍ കൂടെ കൊണ്ടുപോയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിര്‍ത്താതിരുന്നത് എന്തായിരുന്നു എന്ന് ചോദ്യത്തിന്
കൂടെ കൊണ്ടുപോയ കുട്ടി ഒരു പെണ്‍കുട്ടിയാണ്. അതിനാല്‍ അവളെ ആണ്‍കുട്ടികള്‍ക്കിടയില്‍ നിര്‍ത്തി തിരികെപോരാന്‍ ആവില്ലല്ലോ’ എന്നായിരുന്നു അധ്യാപികയുടെ മറുപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more