പാലക്കാട്: പാലക്കാട് തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. ആംബുലന്‍സും മീന്‍ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, പട്ടാമ്പി സ്വദേശികളായ നാസര്‍ (47), ഫവാസ്, സുബൈര്‍, ഷാഫി, സുലൈമാന്‍ തുടങ്ങിയവരാണു മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന ഒരു കുട്ടിക്ക് ഗുരുതരപരിക്കുണ്ട്.
നെല്ലിയാമ്പതിയില്‍ അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.
നെല്ലിയാമ്പതിയില്‍ വിനോദയാത്ര പോകവെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്നു നെന്മാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രഥമശുശ്രൂഷ നല്‍കിയതിനുശേഷമാണ് ഇവരെ സ്‌കാനിങ്ങും എക്‌സ്‌റേയും എടുക്കുന്നതിനായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയത്. നെല്ലിയാമ്പതിയിലെ അപകടത്തില്‍ ചെറിയ പരിക്കുകള്‍ മാത്രമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.
അപകടവിവരം അറിഞ്ഞ് നാട്ടില്‍നിന്നു ചില ബന്ധുക്കള്‍ നെന്മാറയില്‍ എത്തിയിരുന്നു. ഇവരില്‍ രണ്ടുപേര്‍ ഇവരോടൊപ്പം ആംബുലന്‍സില്‍ ഉണ്ടായിരുന്നുവെന്നാണു വിവരം. ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുക്കാന്‍ സാധിച്ചത്.
ലോറിയുടെ വേഗതയല്ല, മറിച്ച് ആംബുലന്‍സ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. സ്വാഭാവിക അപകടമാണെന്നും പൊലീസ് പറഞ്ഞു.
മൃതദേഹങ്ങള്‍ ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുന്‍ എം.പി എം.ബി രാജേഷ്, പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍ എന്നിവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.