അവര്‍ ഒറിജിനല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്, അതുകൊണ്ടാണ് സഖാവ് ഷാജഹാനെ കൊലപ്പെടുത്തിയത്: പാലക്കാട് കൊലപാതകത്തില്‍ ദൃക്‌സാക്ഷി
Kerala News
അവര്‍ ഒറിജിനല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്, അതുകൊണ്ടാണ് സഖാവ് ഷാജഹാനെ കൊലപ്പെടുത്തിയത്: പാലക്കാട് കൊലപാതകത്തില്‍ ദൃക്‌സാക്ഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th August 2022, 11:37 am

പാലക്കാട്: പാലക്കാട് സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകം നടത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് ദൃക്‌സാക്ഷി സുരേഷ്.

കൊലപാതകം നടത്തിയത് എട്ടംഗ സംഘമായിരുന്നെന്നും എന്നാല്‍ വെട്ടിയത് രണ്ട് പേരായിരുന്നുവെന്നും തന്റെ മകനും അക്രമിസംഘത്തിലുണ്ടായിരുന്നുവെന്ന് സംശയമുണ്ടെന്നും സുരേഷ് പറഞ്ഞു.

”ഇന്ന് നടക്കേണ്ട സ്വാതന്ത്ര്യദിനാഘോഷ പരിപാടികളെക്കുറിച്ച് സംസാരിച്ച് ഞാനും ഷാജഹാനും വീട്ടിലേക്ക് പോകുന്ന സമയത്ത്, ഒമ്പത് മണിയായപ്പോഴാണ് മാരകായുധങ്ങളുമായി അക്രമിസംഘം വന്നത്. ആറേഴ് പേര്‍ വാളും വടിയുമായി വന്നു.

ആദ്യം ശബരി എന്നയാള്‍ ചാടി വെട്ടി. അനീഷ് എന്നൊരാളും വെട്ടി. ഷാജഹാന്റെ കഴുത്തിനും കാലിനും ഇവര്‍ വെട്ടി.

തടയാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് നേരേയും വാള്‍ വീശി. അതിന്റെ ഇടയില്‍ ‘അച്ഛാ മാറിക്കോ’ എന്ന് കേട്ടു, അപ്പൊ എന്റെ മകനും ആ കൂട്ടത്തിലുണ്ടായിരുന്നു എന്നാണ് തോന്നുന്നത്,” സുരേഷ് കൈരളി ന്യൂസിനോട് പറഞ്ഞു.

”അവര്‍ ഒറിജിനല്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകരാണ്. അതുകൊണ്ടാണ് സഖാവ് ഷാജഹാനെ കൊലപ്പെടുത്തിയത്. അതില്‍ യാതൊരു സംശയവുമില്ല. ഞാനൊരു പാര്‍ട്ടി മെമ്പറാണ്,” സുരേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തില്‍ മൂന്ന് പേരെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞദിവസം രാത്രി 9.15 ഓടെയായിരുന്നു കൊലപാതകം നടന്നത്. മരുത റോഡ് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗം കൊട്ടേക്കാട് സ്വദേശി ഷാജഹാനാ(48)ണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. മാരകമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും.

കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.ഐ.എം നേരത്തെ തന്നെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷാജഹാന്റെ വീടിന് മുന്നിലെത്തി ബി.ജെ.പി സംഘം വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.

Content Highlight: Palakkad Shajahan murder, witness reaction, blames RSS