| Sunday, 2nd May 2021, 3:29 pm

പാലക്കാട് ഇ. ശ്രീധരന് തോല്‍വി; വിജയത്തേരില്‍ ഷാഫി പറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് വിജയം. 3840 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാഫിയുടെ വിജയം. ഇനി പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമാണ് പാലക്കാട് എണ്ണുന്നത്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന് പിന്നീടങ്ങോട് ലീഡ് നഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു കണ്ടത്.

ബി.ജെ.പി ടിക്കറ്റില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ കളത്തിലിറങ്ങിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ശ്രീധരനേക്കാള്‍ 3840 വോട്ടുകളുടെ ലീഡാണ് ഷാഫിക്ക് ലഭിച്ചത്.

ആകെ 180 ബൂത്തുകളാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ബി.ജെ.പി കനത്ത പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന ഒമ്പത് മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട് മണ്ഡലം. അതേസമയം ഷാഫിക്കും ശ്രീധരനുമെതിരെ സി.പി.ഐ.എം കളത്തിലിറക്കിയ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദിന് മൂന്നാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നു.

കഴിഞ്ഞ രണ്ടു തവണയും പാലക്കാടിന്റെ ജനവിധി ഷാഫി പറമ്പിലിനൊപ്പം തന്നെയായിരുന്നു. 2011ല്‍ ആദ്യ മത്സരത്തില്‍ സി.ഐ.ടി.യു നേതാവ് കെ.കെ. ദിവാകരനെ 7403 വോട്ടിനാണ് തോല്‍പ്പിച്ചത്.

2016ല്‍ ഷാഫിയെ നേരിടാന്‍ നാലുവട്ടം പാലക്കാടിനെ ലോക്സഭയില്‍ പ്രതിനിധീകരിച്ച എന്‍.എന്‍. കൃഷ്ണദാസിനെ സി.പി.ഐ.എം രംഗത്തിറക്കിയെങ്കിലും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

അന്ന് ബി.ജെ.പിയുടെ ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയത്. 17,438 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷമാണ് ഷാഫി നേടിയത്. 2011നേക്കാള്‍ ഭൂരിപക്ഷം ഇരട്ടിയിലേറെ ഉയര്‍ത്തി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 41.77 ശതമാനം അന്ന് ഷാഫിക്ക് ലഭിച്ചു. ശോഭ സുരേന്ദ്രന് 29.08 ശതമാനവും എന്‍.എന്‍. കൃഷ്ണദാസിന് 28.07 ശതമാനവുമാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Palakkad Shafi Prambil E Sreedharan

We use cookies to give you the best possible experience. Learn more