| Tuesday, 16th November 2021, 1:28 pm

കൊലയാളികളെ കണ്ടാല്‍ തിരിച്ചറിയാം, ബൈക്കില്‍ നിന്നും വീണ ശേഷം എന്നെ തള്ളിമാറ്റി അവനെ വെട്ടി; കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളികളെ കണ്ടാല്‍ തിരിച്ചറിയാനാവുമെന്ന് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക. സഞ്ജിത്തിനേയും നേരത്തെയും വധഭീഷണി ഉണ്ടായിരുന്നെന്നും ഇക്കാര്യം രണ്ട് ദിവസം മുന്‍പ് പറഞ്ഞിരുന്നുവെന്നും അഞ്ച് പേരാണ് ആക്രമണം നടത്തിയതെന്നും അര്‍ഷിക പറയുന്നു.

ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങി രണ്ട് മൂന്ന് മിനുട്ട് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ വരുന്നതൊന്നും ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. റോഡ് മോശമായതുകൊണ്ട് വണ്ടി സ്ലോ ആക്കി. ഞാന്‍ പിറകില്‍ ഇരിക്കുകയായിരുന്നു. സഞ്ജിത് പെട്ടെന്ന് അയ്യോ എന്ന് പറയുന്നതാണ് കേട്ടത്. അപ്പോഴേക്കും അവര്‍ അവനെ വെട്ടിയിരുന്നു. ഇതോടെ ഞങ്ങള്‍ രണ്ടുപേരും വണ്ടിയില്‍ നിന്ന് താഴെ വീണു.

പിന്നെ എന്നെ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ പിടിച്ച് വലിച്ച് അപ്പുറത്തേക്ക് ഇട്ടിട്ട് അവനെ വീണ്ടും വെട്ടി. അഞ്ച് പേരുണ്ടായിരുന്നു. ഒരു കാര്‍ അപ്പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഈ സമയം ജോലിക്കാരും മറ്റുമായി റോഡിലൂടെ ആള്‍ക്കാരൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. ഒരു സ്‌കൂള്‍ ബസും ഉണ്ടായിരുന്നു. എല്ലാവരുടേയും മുന്നില്‍ വെച്ചാണ് ചെയ്തത്.

രണ്ട് ദിവസം മുന്‍പ് ഒരാള്‍ വിളിച്ച് ജയിലില്‍ കഴിയുന്ന ഏതോ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ വന്നിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും പറഞ്ഞിരുന്നു. ഓഫീസിലുള്ള എന്നെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാനായി ഞാന്‍ സഞ്ജിത്തിനെ വിളിക്കുമ്പോള്‍ എനിക്ക് അധികസമയം കാത്തുനില്‍ക്കാന്‍ കഴിയില്ലെന്നും നീ വേഗം വരണമെന്നും പറയാറുണ്ടായിരുന്നു,’ അന്‍ഷിക പറയുന്നു.

അതേസമയം, സംഭവത്തില്‍ കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനെ കണ്ടു. സംഭവം നടന്ന് ഇത്രയും സമയമായിട്ടും പൊലീസ് ഇതുവരേയും പ്രതികളെ പിടികൂടാത്തതില്‍ ബി.ജെ.പി പ്രതിഷേധമുയര്‍ത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാറും ജില്ല അധ്യക്ഷന്‍ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ സഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഏലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ മമ്പറത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
സഞ്ജിത്തിന്റെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് ആരോപിച്ചിരുന്നു.

അതേസമയം, അപകടകരമായ നിലയിലേക്കാണ് കേരളത്തിന്റെ ക്രമസമാധാനനില പോകുന്നതെന്നും ഇത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നുമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്.

സഞ്ജിത്തിന്റെ കൊലപാതകം കണ്ട വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. സംഭവസ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഇയാള്‍ കൊലപാതകത്തിന് സാക്ഷിയാണെന്നും കൊലപാതകത്തിന് മറ്റ് സാക്ഷികളും ഉണ്ടെന്നും പൊലീസ് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more