| Saturday, 16th April 2022, 1:47 pm

പാലക്കാട് ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് വെട്ടേറ്റ് ചികിത്സയിലായിരുന്ന ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ടു. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.

മേലാമുറിയിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഇദ്ദേഹത്തെ ഉടന്‍ തന്നെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൈയ്ക്കും കാലിനും തലയുടെ ഭാഗത്തും വെട്ടേറ്റിരുന്നു.

ഇന്നലെ എലപ്പുള്ളി സ്വദേശിയും എസ്.ഡി.പി.ഐ നേതാവുമായ സുബൈര്‍ വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സുബൈറിനെ ആക്രമിക്കുകയായിരുന്നു. ഇരുവരേയും കാറിടിച്ച് റോഡില്‍ വീഴ്ത്തിയ ശേഷം സംഘം സുബൈറിനെ വെട്ടുകയായിരുന്നു. മാരകമായ പരുക്കേറ്റ സുബൈറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.

രണ്ടു വാഹനങ്ങളിലെത്തിയ അക്രമി സംഘം ഒരു കാര്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ഉപേക്ഷിച്ച കാര്‍ മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കാര്‍ മാസങ്ങളായി വര്‍ക് ഷോപ്പിലാണെന്നും ആര് കൊണ്ടുപോയെന്നോ എന്തിന് കൊണ്ടുപോയെന്നോ അറിയില്ലെന്ന്‌സഞ്ജിത്തിന്റെ കുടുംബം പ്രതികരിച്ചിരുന്നു.

കൊലയ്ക്ക് ഉപയോഗിച്ച രണ്ടാമത്തെ കാര്‍ ഇന്ന് കഞ്ചിക്കോട് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അലിയാര്‍ എന്നയാളുടേതായിരുന്നു കാര്‍. രമേശന്‍ എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ് കാര്‍ വാടകയ്ക്കെടുത്തതെന്ന് അലിയാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സുബൈറിന്റെ അയല്‍ വാസിയാണ് രമേശന്‍.

സുബൈറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് അടുത്ത അക്രമ സംഭവവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Content Highlight: Palakkad RSS Leader killed

We use cookies to give you the best possible experience. Learn more