| Thursday, 29th October 2015, 2:16 pm

മഹാഭാരതത്തെ വിമര്‍ശിച്ചതിന് സംഘപരിവാര്‍ ഭീഷണി; കോളജ് മാഗസിന്‍ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഒറ്റപ്പാലം: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പാലക്കാട് ഒറ്റപ്പാലം എന്‍ എസ്എസ് കോളജ് മാഗസിന്‍ പിന്‍വലിച്ചു. ഭാരത സംസ്‌കാരത്തെയും രാഷ്ട്ര പിതാവിനെയും ഹിന്ദുത്വത്തെയും അപമാനിച്ചു എന്ന പേരില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ്, ബി.ജെ.പി എന്നിവരുടെ പിന്തുണയോടെ കോളജില്‍ നടത്തിയ പ്രതിഷേധത്തെയും ഭീഷണിയെയും തുടര്‍ന്നായിരുന്നു പ്രിന്‍സിപ്പാള്‍ രമാദേവി മാഗസിന്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. കോളജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടുന്നതായും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അതേസമയം സ്റ്റുഡന്റ് എഡിറ്ററോടോ കോളജ് ചെയര്‍മാനടക്കമുള്ള യൂണിയന്‍ നേതാക്കളോടോ ആലോചിക്കാതെ ഏകപക്ഷീയമായായിരുന്നു പ്രിന്‍സിപ്പാളിന്റെ തീരുമാനമെന്ന് മാഗസിന്‍ എഡിറ്റര്‍ അനന്തുവും ചെയര്‍മാന്‍ അജ്‌വിന്ദും “ഡൂള്‍ ന്യൂസി”നോടു പറഞ്ഞു.

രാജ്യത്ത് ഉയര്‍ന്നു വന്നിരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളോട് വിദ്യാര്‍ത്ഥികളിുടെ സ്വതന്ത്രവും സര്‍ഗ്ഗാത്മകവുമായ പ്രതികരണം എന്ന നിലയ്ക്കായിരുന്നു “ഒരു പേരില്ലാത്ത മാഗസിന്‍” എന്ന പേരില്‍ 2014-15 വര്‍ഷത്തെ കോളജ് മാഗസിന്‍ എന്‍.എസ്.എസ് കോളജ് പുറത്തിറക്കിയത്. പ്രിന്‍സിപ്പാളടക്കമുള്ള സകലരും പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നതായും എഡിറ്ററായ അനന്തു പറയുന്നു. എസ്.എഫ്.ഐയുടേതാണ് കോളജ് യൂണിയന്‍.

കഥ,കവിത,ലേഖനം എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ളതെന്തും എഴുതാന്‍ മാഗസിന്‍ കമ്മറ്റി അനുവാദം നല്‍കിയിരുന്നു. മഹാഭാരതം, രാമായണം എന്നീ ഇതിഹാസങ്ങളുടെ വരികള്‍ക്കിടയിലൂടെയുള്ള വായനയും, രാജ്യത്ത് ഉയര്‍ന്നുവരുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ അഭിപ്രായവും മാഗസിനിലുണ്ട്. കവര്‍ പേജിലടക്കം വ്യത്യസ്തതകള്‍ പുലര്‍ത്തിയാണ് മാഗസിന്‍ പുറത്തിറക്കിയിരിക്കുന്നത്.

മാഗസിനിലെ “മാഹാഭാരതം,” “നിന്നോട്,” “അപ്പൊ ഇതാണീ ബ്ലാക്ക് ഹ്യൂമര്‍” എന്നീ രചനകള്‍ക്കെതിരെയും പ്രശസ്ത ചിത്രകാരനായിരുന്ന എം.എഫ്.ഹുസൈന്റെ പെയിന്റിങ് പ്രസിദ്ധീകരിച്ചതിനെതിരെയുമാണ് പ്രധാനമായും സംഘപരിവാര്‍ പ്രതിഷേധം.

ഇവ ഹിന്ദുത്വത്തെയും ഭാരതത്തെയും അപമാനിക്കുന്നതാണ് എന്നാരോപിച്ച് മാഗസിന്‍ വിതരണം ചെയ്ത അന്നു മുതല്‍ കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധവും ഭീഷണിയും മുഴക്കിയിരുന്നുവെന്ന് കോളജ് ചെയര്‍മാനായ അജിന്ത് പറയുന്നു. എന്നാല്‍ ഇതു മറികടന്ന് ആയിരം കോപ്പികള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി വിതരണം ചെയ്തു.

പക്ഷേ ഇക്കഴിഞ്ഞ ദിവസം എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളജിനു പുറത്തുള്ള ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുമായി സംഘടിച്ച് കോളജിലെത്തുകയും, അല്‍പ്പസമയത്തിനുള്ളില്‍ പ്രിന്‍സിപ്പാള്‍ യോഗം കൂടി മാഗസിന്‍ പിന്‍വലിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. മാഗസിന്‍ പിന്‍വലിക്കാനായി സ്റ്റാഫ് എഡിറ്ററുടെ ഒപ്പ് നിര്‍ബന്ധിച്ച് വാങ്ങുകയായിരുന്നു എന്നും ചെയര്‍മാനായ അജിന്ത് ആരോപിക്കുന്നു.

തുടര്‍ന്ന് ഇതിനെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ സ്ഥലം ഡി.വൈ.എസ്.പി അടക്കമുള്ള പോലീസുകാരെ വരുത്തി അറസ്റ്റ് ചെയ്ത് നീക്കി. കോളജ് അടച്ചിടുകയാണെന്നും പ്രഖ്യാപിച്ചു. പക്ഷേ പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ എസ്.എഫ്.ഐക്കാരെ മര്‍ദ്ദിച്ചപ്പോള്‍ അടച്ചിടാത്ത കോളജ് ഇപ്പോള്‍ അടച്ചിടുന്നത് എന്തിനാണെന്നും അജിന്ത് ചോദിക്കുന്നു.

ചെയര്‍മാനായ തനിക്കും എഡിറ്ററായ അനന്തുവിനുമടക്കം മാഗസിനു പിന്നില്‍ പ്രവര്‍ത്തിച്ച പലര്‍ക്കും സംഘപരിവാറിന്റെ ഭീഷണിയുണ്ടെന്നും അജിന്ത് പറയുന്നു. അനന്തുവിന്റെയും, മാഗസിന് സഹായങ്ങള്‍ ചെയ്തുതന്ന മുന്‍ ചെയര്‍മാന്റെയും വീട്ടില്‍ പോയി ആര്‍.എസ്.എസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും അജിന്ത് ആരോപിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് സംഘടനകളുടെയോ ആളുകളുടെയോ പിന്തുണയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇലക്ഷന്‍ കാലമായതിനാല്‍ പലരും പ്രതികരിക്കാന്‍ മടിക്കുകയാണ്. അതേസമയം പ്രിന്‍സിപ്പാളിന്റെയും ഫാസിസ്റ്റ് ശക്തികളുടെയും നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് തങ്ങളുടെ തീരുമാനമെന്ന് അജിന്ത് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more