സര്‍, മാഡം വിളി വേണ്ട; ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് പുത്തന്‍ മാതൃകയുമായി പാലക്കാട് നിന്നും ഒരു സ്‌കൂള്‍
Kerala News
സര്‍, മാഡം വിളി വേണ്ട; ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് പുത്തന്‍ മാതൃകയുമായി പാലക്കാട് നിന്നും ഒരു സ്‌കൂള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th January 2022, 11:02 am

പാലക്കാട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ പുതിയ മാറ്റങ്ങളുമായി പാലക്കാട് ഓലശ്ശേരി സീനീയര്‍ ബേസിക് സ്‌കൂള്‍. അധ്യാപകരെ സാര്‍ എന്നും മാഡം എന്നും അഭിസംബോധന ചെയ്യേണ്ടതില്ലെന്നും പകരം ടീച്ചര്‍ എന്ന് മാത്രം വിളിച്ചാല്‍ മതിയെന്നുമാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

മുന്നൂറോളം കൂട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒമ്പത് അധ്യാപികമാരും എട്ട് അധ്യാപകരുമാണുള്ളത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോഴാണ് ഇത്തരത്തില്‍ മാതൃകാപരമായ നിര്‍ദേശം സ്‌കൂള്‍ മുന്നോട്ട് വെക്കുന്നത്.

Kerala school implements gender neutral uniform, Muslim groups protest |  The News Minute

സ്‌കൂളിലെ അധ്യാപകനായ സജീവ് കുമാര്‍ ആണ് ഈ ആശയം അവതരിപ്പിച്ചതെന്നാണ് പ്രധാനാധ്യാപകനായ വേണുഗോപാല്‍ പറയുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ‘സര്‍’ എന്ന് വിളിക്കുന്ന സമ്പ്രദായം ഇല്ലാതാക്കാന്‍ പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത ആരംഭിച്ച ക്യാംപെയ്‌നില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ട് വെച്ചതെന്നാണ് സ്‌കൂള്‍ പറയുന്നത്.

ഓലശ്ശേരിയുടെ സമീപ പഞ്ചായത്തായ മാത്തൂര്‍ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം സമാനമായ ഒരു നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു.

പഞ്ചായത്ത് ജീവനക്കാരെ ജനങ്ങള്‍ സാര്‍ എന്നോ മാഡം എന്നോ അഭിസംബോധന ചെയ്യേണ്ടതില്ലെന്നും അവരുടെ പദവി ഉപയോഗിച്ച് അഭിസംബോധന ചെയ്യണമെന്നുമായിരുന്നു ഭരണസമിതി പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചത്.

ഈ തീരുമാനവും തങ്ങളെ സ്വാധീനിച്ചതായും പ്രധാനാധ്യാപകന്‍ ചൂണ്ടിക്കാട്ടുന്നു.

ഡിസംബര്‍ ഒന്നുമുതല്‍ എല്ലാ അധ്യാപകരേയും സ്ത്രീ പുരുഷ ഭേദമില്ലാതെ ടീച്ചര്‍ എന്ന് വിളിക്കണം എന്നായിരുന്നു കുട്ടികളോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ആദ്യം കുട്ടികള്‍ക്ക് ഈ നിര്‍ദേശത്തോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് സംസാരിക്കുന്ന രീതി പതുക്കെ മാറിയെന്നും ഇപ്പോള്‍ ആരും ഒരു പുരുഷ അധ്യാപകനെ ‘സര്‍’ എന്ന് വിളിക്കാറില്ല എന്നും പ്രധാനാധ്യാപകന്‍ ചുണ്ടിക്കാട്ടുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Palakkad Olasseri senior post basic school put forward a good example for gender neutrality