| Saturday, 7th April 2018, 12:19 pm

പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്കെതിരെ അവിശ്വാസ പ്രമേയവുമായി യു.ഡി.എഫ്; പിന്തുണക്കില്ലെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. ബി.ജെ.പി ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് തീരുമാനമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട് നഗരസഭാ.

“നഗരസഭയിലെ ബി.ജെ.പി ഭരണം സര്‍വത്ര അഴിമതിയില്‍ മുങ്ങി. കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ടെന്‍ഡര്‍ പോലും വിളിക്കാതെ ഇഷ്ടക്കാര്‍ക്ക് നല്‍കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുന്നു. ഭരണ സമിതിക്കെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വിജിലന്‍സിന് നല്‍കിയ പരാതികളില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. പല സന്ദര്‍ഭങ്ങളിലും ബി.ജെ.പിയെ പിന്തുണക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്.” അദ്ദേഹം പറഞ്ഞു.


Read Also :സ്വാതന്ത്ര്യസമരത്തില്‍ ഞങ്ങളുമുണ്ടായിരുന്നു; അതൊന്നും പരസ്യമാക്കുന്നതില്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് ആരുമറിയാതെ പോയതെന്ന് ആര്‍.എസ്.എസ് നേതാവ് നരേന്ദ്ര സെഹ്ഗാള്‍


ഘട്ടം ഘട്ടമായിട്ടാണ് അവിശ്വാസ പ്രമേയത്തിലേക്കെത്തുക. ആദ്യഘട്ടത്തില്‍ വര്‍ക്കിങ് ഗ്രൂപ് കമ്മിറ്റിയില്‍നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഉടന്‍ രാജിവെക്കും. രണ്ടാംഘട്ടത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ അവിശ്വാസ പ്രമേയമവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തസമ്മേളനം വിളിച്ച് കൊണ്ടായിരുന്നു ഇക്കാര്യം വിശദീകരിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ വി.കെ. ശ്രീകണ്ഠന്‍, പി.വി. രാജേഷ്, മുസ്‌ലിം ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് എം.എം. ഹമീദ്, മുന്‍ ലീഗ് കൗണ്‍സിലര്‍ അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.


Read Also : വിവാദ മെഡിക്കല്‍ ബില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കയച്ചു; തിരിച്ചയച്ചാല്‍ പിന്‍വലിക്കാന്‍ ആലോചന


അതേസമയം നഗരസഭ ഭരണത്തെ അവിശുദ്ധ കൂട്ടുകെട്ടിലൂടെ അട്ടിമറിക്കാനാണു യു.ഡി.എഫ് ശ്രമിക്കുന്നതെന്നു ബി.ജെ.പി ആരോപിച്ചു. ഭരണം സ്തംഭിപ്പിച്ച്, വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണു ലക്ഷ്യം. സ്വന്തമായി ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുന്ന യു.ഡി.എഫ് പാലക്കാട് നഗരത്തിലെ ജനങ്ങളുടെ മുന്നില്‍ അവരുടെ ബദല്‍ സംവീധാനം എന്തെന്ന് ബോധ്യപ്പെടുത്തണമെന്നും നഗരസഭ ഉപാധ്യക്ഷനായ സി.കൃഷ്ണകുമാര്‍ പറഞ്ഞു

യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സി.പി.ഐ.എം നേതൃത്വം. എന്നാല്‍ പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയത്തെ കാത്തിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more