| Friday, 18th December 2020, 7:26 pm

ശ്രീരാമന്‍ എങ്ങനെ അപമാനമാകും; നഗരസഭയില്‍ ജയ് ശ്രീരാം ഫ്‌ളക്‌സ് വെച്ചതിനെ ന്യായീകരിച്ച് സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പാലക്കാട് നഗരസഭയില്‍ ജയ് ശ്രീരാം ഫ്‌ളക്‌സ് വെച്ച സംഭവത്തെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശ്രീരാമന്റെ ചിത്രം എങ്ങനെ അപമാനമാകുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

തദ്ദേശ വോട്ടെണ്ണല്‍ ഫലപ്രഖ്യാപന ദിവസമായിരുന്നു പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്കാര്‍ ജയ് ശ്രീരാം ഫ്‌ളക്‌സ് വെച്ചത്. നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയത്.

പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബി.ജെ.പി പ്രവര്‍ത്തകരുടെ ഈ നടപടിയ്ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിനെതിരെ വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു.

‘ഇത് ആര്‍.എസ്.എസ് കാര്യാലയമല്ല നഗരസഭയാണ് ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന ബാനറിലായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. കേരളത്തെ കാവിയില്‍ പുതപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക തൂക്കിയത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പാലക്കാട് നഗരസഭയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ വെച്ച സംഭവത്തില്‍ പാലക്കാട് ടൗണ്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.

ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്. സംഭവത്തില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് പാലക്കാട് എസ്.പി റിപ്പോര്‍ട്ട് തേടി. ഐ.പി.സി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒരു വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്. സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും പ്രതികളാകും. പത്തോളം പേര്‍ പ്രതികളാകുമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബി.ജെ.പി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് പാലക്കാട് നഗരസഭ ഭരണം പിടിച്ചത്. 52 അംഗ നഗരസഭയില്‍ 28 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം ഉറപ്പിച്ചത്. 27 ആയിരുന്നു കേവലഭൂരിപക്ഷം. കഴിഞ്ഞ തവണ 24 ഇടത്താണ് ബി.ജെ.പി ജയിച്ചത്.

കഴിഞ്ഞതവണ 13 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇത്തവണ 12 എണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. 9 സീറ്റുകളുണ്ടായിരുന്ന എല്‍.ഡി.എഫ് ഇത്തവണ 6 ലേക്ക് ചുരുങ്ങി. വെയല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് ആണ് ഇവിടെ ലഭിച്ചത്. രണ്ട് യു.ഡി.എഫ് വിമതരും നഗരസഭയില്‍ വിജയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Palakkad Muncipality BJP Jai Sreeram Flex K Surendran

We use cookies to give you the best possible experience. Learn more