| Wednesday, 28th August 2024, 4:28 pm

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലക്കാടിന് 3806 കോടി ചെലവിൽ വ്യവസായ സ്മാർട്ട് സിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലക്കാടിനായി വമ്പൻ വ്യവസായ സ്‍മാർട്ട് സിറ്റി പദ്ധതിയുമായി കേന്ദ്രം. രാജ്യത്താകമാനം നിർമിക്കുന്ന 12 സ്മാർട്ട് സിറ്റികളിൽ ഒന്നാണ് പാലക്കാട് വരുന്നത്. 3806 കോടി രൂപയോളം ചെലവുള്ള പദ്ധതിയാണ് നടപ്പിലാക്കാനൊരുങ്ങുന്നത്. പദ്ധതിയിലൂടെ 51,000 പേർക്ക് തൊഴിൽ നേരിട്ട് ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. 1710 ഏക്കറിൽ പാലക്കാട് പുതുശേരിയിലാണ് പദ്ധതി ആരംഭിക്കുന്നത്. മെഡിക്കല്‍, കെമിക്കല്‍, നോണ്‍ മെറ്റാലിക്, മിനറല്‍, റബ്ബര്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ എന്നിവയാണ് സ്മാര്‍ട്ട് സിറ്റിയില്‍ നിർമിക്കാൻ ഉദ്ദേശിക്കുന്നത്.

നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിന് (എൻ.ഐ.സി.ഡി.പി) കീഴിലാണ് ഈ പദ്ധതി വരിക. 28,500 കോടി രൂപ മുതൽമുടക്കിൽ 12 വ്യാവസായിക സ്മാർട്ട് സിറ്റികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതികൾ ശക്തവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുമെന്നും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും പ്രാദേശിക വികസനം നടപ്പാക്കുമെന്നും സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്പുര-പാട്യാല, മഹാരാഷ്ട്രയിലെ ദിഘി , , യു.പിയിലെ ആഗ്ര, പ്രയാഗ്രാജ്, ബീഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാദ് , എ.പിയിലെ ഒർവക്കൽ, കൊപ്പർത്തി, ജോധ്പൂർ-പാലി എന്നിവിടങ്ങളാണ് വ്യവസായ സ്മാർട്ട് സിറ്റികൾ നിർമിക്കാനൊരുങ്ങുന്ന മറ്റ് സ്ഥലങ്ങൾ.

1.52 ലക്ഷം കോടി രൂപയുടെ നിക്ഷേപ സാധ്യതയാണ് പദ്ധതി സൃഷ്ടിക്കുകയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞു.

UPDATING…

Content Highlight: Palakkad is an industrial smart city at a cost of 3806 crores while the by-elections are about to take place

We use cookies to give you the best possible experience. Learn more