സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവം; വി.എച്ച്.പി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
Kerala News
സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവം; വി.എച്ച്.പി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2024, 2:11 pm

പാലക്കാട്: സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രവർത്തകർ അറസ്റ്റില്‍.

വി.എച്ച്.പി ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു.

ചിറ്റൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ ചിറ്റൂർ നല്ലേപ്പിള്ളി ഗവണ്‍മെന്റ് യു.പി സ്‌കൂളിലാണ് സംഭവം നടന്നത്. വിശ്വഹിന്ദുപരിഷത്തിന്റെ ജില്ലാ ഭാരവാഹി ഉള്‍പ്പെടെ മൂന്ന് പേര്‍ സ്‌കൂളിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.

സ്‌കൂള്‍ കുട്ടികളെ കരോള്‍ വസ്ത്രമണിയിച്ച് റാലി നടത്തിയതിനെ ചോദ്യം ചെയ്താണ് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ രംഗത്തെത്തിയത്.

അതേസമയം, സ്‌കൂള്‍ സമയത്ത് കുട്ടികളെ കരോള്‍ വസ്ത്രമണിയിച്ച് സ്‌കൂളിന് പുറത്ത് റാലി നടത്തിയതിനെയാണ് ചോദ്യം ചെയ്തതെന്നും ഭീഷണിപ്പെടുത്തിയതല്ലെന്നുമാണ് വി.എച്ച്.പി പാലക്കാട് നേതൃത്വം നല്‍കിയ വിശദീകരണം.

ഭീഷണിപ്പെടുത്തിയതല്ലെന്നും ചില അധ്യാപക സംഘടനകള്‍ വിഷയത്തില്‍ മുതലെടുപ്പ് നടത്തുകയാണെന്നും വി.എച്ച്.പി ആരോപിച്ചിരുന്നു.

Content Highlight: Palakkad Incident where teachers were threatened for celebrating Christmas at school; VHP workers in remand