| Saturday, 26th December 2020, 1:29 pm

മൂന്ന് മാസത്തിലപ്പുറം താലികാണില്ലെന്ന് ഭീഷണി; പൊലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല; കൊലപാതകത്തെക്കുറിച്ച് അനീഷിന്റെ അച്ഛന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കുഴല്‍മന്ദത്ത് ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്റെ ഭാര്യ ഹരിതയെ അച്ഛനും അമ്മാവനും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്റെ അച്ഛന്‍. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ഫോണിലൂടെയും അമ്മാവന്‍ സുരേഷ് നേരിട്ടെത്തി മൂന്ന് നാല് തവണയും ഭീഷണിപ്പെടുത്തിയതായും അനീഷിന്റെ അച്ഛന്‍ ആറുമുഖന്‍ പറഞ്ഞു.

‘പെണ്‍കുട്ടിയുടെ അച്ഛന്‍ ഇടയ്ക്കിടെ ഇവിടെ വരുമായിരുന്നു. അച്ഛന്‍ ഫോണ്‍ വിളിച്ചും ഭീഷണിപ്പെടുത്തിയിരുന്നു. അമ്മാവന്‍ മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ട് പോകും. തൊണ്ണൂറ് ദിവസമേ താലി കാണൂ എന്നാണ് അയാള്‍ പറഞ്ഞിരുന്നത്. അത് നടത്തി,’അനീഷിന്റെ അച്ഛന്‍ പറഞ്ഞു.

ഇളയകുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസിനായി പഠിക്കാന്‍ വാങ്ങിക്കൊടുത്ത ഫോണ്‍ സുരേഷ് എടുത്ത് കൊണ്ട് പോയെന്നും ആറുമുഖന്‍ പറഞ്ഞു.

സുരേഷ് സംസാരിച്ചത് റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചെന്ന് പറഞ്ഞാണ് ഫോണ്‍ പിടിച്ച് വാങ്ങിയതെന്ന് ഹരിതയും പറയുന്നു.

അനീഷിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സഹോദരന്‍ അരുണിനൊപ്പം ക്രിസ്മസ് ദിനത്തില്‍ വൈകീട്ട് കടയിലേക്ക് പോകുന്ന വഴിയാണ് പ്രഭുകുമാറും സുരേഷും ഇവരെ ആക്രമിക്കുന്നത്.

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു വെള്ളിയാഴ്ച. ഭാര്യയുടെ വീട്ടുകാരുടെ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനീഷ് പുറത്തേക്ക് പോകാറില്ലായിരുന്നു. ഈയടുത്ത ദിവസങ്ങളിലാണ് ഇദ്ദേഹം പുറത്തേക്കിറങ്ങി തുടങ്ങിയത്.

പെയിന്റിംഗ് തൊഴിലാളിയാണ് കൊല്ലപ്പെട്ട അനീഷ്. ഭാര്യയുടെ വീട്ടുകാര്‍ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇരുവരും രണ്ട് ജാതിയില്‍പ്പെട്ടവരാണ്. കൊല്ലപ്പെട്ട അനീഷ് കൊല്ല സമുദായത്തിലും ഹരിത പിള്ള സമുദായത്തിലും പെട്ടവരാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Palakkad honour killing father of Aneesh says that police didn’t take action while complained it

We use cookies to give you the best possible experience. Learn more