Kerala News
പാലക്കാട് ദുരഭിമാനക്കൊല; 'അനീഷിനെ വെട്ടിയത് വടിവാള്‍ ഉപയോഗിച്ച്'; ഭാര്യാ പിതാവ് പ്രഭുകുമാര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 26, 02:20 am
Saturday, 26th December 2020, 7:50 am

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഭാര്യാ പിതാവിനെ കസ്റ്റഡിയിലെടുത്തു. ഒളിവില്‍ കഴിയുകയായിരുന്ന ഭാര്യ പിതാവ് പ്രഭുകുമാറിനെ കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അമ്മാവന്‍ സുരേഷിനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ബൈക്കില്‍ കടയിലേക്ക് പോയ അനീഷിനെയും സഹോദരന്‍ അരുണിനെയും അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും അമ്മാവന്‍ സുരേഷും ചേര്‍ന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി അനീഷ് മരിച്ചു.

അനീഷിനെ വടിവാള്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും മൂന്ന് മാസത്തിനുള്ളില്‍ അനീഷിനെ വെട്ടിക്കൊലപ്പെടുത്തുമെന്നും ഹരിതയുടെ വീട്ടുകാര്‍ പറഞ്ഞതായി സഹോദരനും ദൃക്‌സാക്ഷിയുമായ അരുണ്‍ പറയുന്നു.

കൊലപാതകം ആസൂത്രിതമാണെന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തിന് ദൃക്സാക്ഷിയാണ് താനെന്നും ഇദ്ദേഹം പറഞ്ഞു. അനീഷിന്റെ ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ട്.

സംഭവം ദുരഭിമാനകൊലയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയുടെ വീട്ടുകാരുടെ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനീഷ് പുറത്തേക്ക് പോകാറില്ലായിരുന്നു. ഈയടുത്ത ദിവസങ്ങളിലാണ് ഇദ്ദേഹം പുറത്തേക്കിറങ്ങി തുടങ്ങിയത്.

പെയിന്റിംഗ് തൊഴിലാളിയാണ് കൊല്ലപ്പെട്ട അനീഷ്. മൂന്ന് മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യയുടെ വീട്ടുകാര്‍ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇരുവരും രണ്ട് ജാതിയില്‍പ്പെട്ടവരാണ്. കൊല്ലപ്പെട്ട അനീഷ് കൊല്ല സമുദായത്തിലും ഹരിത പിള്ള സമുദായത്തിലും പെട്ടവരാണ്. എന്നാല്‍ വിവാഹത്തിന് ശേഷവും ഭാര്യയുടെ വീട്ടുകാരില്‍ നിന്ന് അനീഷിന് നിരന്തര ഭീഷണികളുണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Palakkad Honour killing father in law of killed Aneesh in custody