പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് നവംബര്‍ 20ന്
Kerala News
പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് നവംബര്‍ 20ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2024, 2:29 pm

തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് വോട്ടെടുപ്പ് മാറ്റിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുക്കിയ തീയതി അറിയിച്ചിരിക്കുന്നത്.

നവംബര്‍ 13ന് ആയിരുന്നു ആദ്യം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാണ് തീയതി മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തീയതി മാറ്റികൊണ്ടുള്ള ഉത്തരവില്‍ ബി.ജെ.പി, കോണ്‍ഗ്രസ്, ബി.എസ്.പി, ആര്‍.എല്‍.ഡി എന്നീ പാര്‍ട്ടികളുടെ പേരുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

അതേസമയം വോട്ടെണ്ണല്‍ തീയതിയില്‍ മാറ്റമുണ്ടായിരിക്കില്ല. നവംബര്‍ 23ന് തന്നെയായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുക. പാലക്കാട് ഉള്‍പ്പെടെ 14 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് നിലവില്‍ മാറ്റിയിരിക്കുന്നത്. പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളാണ് മാറ്റിയത്.

പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലും ഇടതു സ്ഥാനാര്‍ത്ഥിയായ പി. സരിനും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സി. കൃഷ്ണകുമാറുമാണ് ജനവിധി തേടുന്നത്. തുടക്കം മുതല്‍ക്കേ ഏറെ വിവാദങ്ങള്‍ ഉടലെടുത്ത മണ്ഡലമാണ് പാലക്കാട്.

രാഹുലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ഐ.ടി സെല്‍ മേധാവിയായിരുന്ന പി. സരിന്‍ അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇടതു പക്ഷത്തിന് പിന്തുണ അറിയിച്ച സരിനെ എല്‍.ഡി.എഫ് പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

സരിന് പിന്നാലെ ഒന്നിലധികം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബി.ജെ.പിയിലും ഭിന്നിപ്പ് രൂപംകൊണ്ടിരുന്നു.

ബി.ജെ.പി നേതാവായ സന്ദീപ് വാര്യര്‍ പരസ്യമായി സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇനി പാലക്കാടേക്ക് ഇല്ലെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്.

Content Highlight:Palakkad election date changed