പാലക്കാട് ഡി.എം.ഒയും ആശുപത്രി സൂപ്രണ്ടും നീരിക്ഷണത്തില്‍; ഷാഫി പറമ്പിലും വി.കെ ശ്രീകണ്ഠനുമടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്
Kerala News
പാലക്കാട് ഡി.എം.ഒയും ആശുപത്രി സൂപ്രണ്ടും നീരിക്ഷണത്തില്‍; ഷാഫി പറമ്പിലും വി.കെ ശ്രീകണ്ഠനുമടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th June 2020, 7:50 pm

പാലക്കാട്: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ പാലക്കാട് ഡി.എം.ഒയും ജില്ലാ ആശുപത്രി സൂപ്രണ്ടും നിരീക്ഷണത്തില്‍. ജില്ലയിലെ കൊവിഡ് പരിശോധനാ സംവിധാനം ഉദ്ഘാടനം ചെയ്ത ജനപ്രതിനിധികളും നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

ഷാഫി പറമ്പില്‍ എം.എല്‍.എ, വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശാന്തകുമാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇന്ന് പാലക്കാട് 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ 111 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് പ്രതിദിനനിരക്ക് കേരളത്തില്‍ മൂന്നക്കം കടക്കുന്നത്.

ഇതില്‍ 50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 48 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

10 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 22 പേരുടെ ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി അറിയിച്ചു.

3,597 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു. ഇപ്പോള്‍ ചികില്‍സയില്‍ 973 പേരാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി 177033 പേരാണ് സംസ്ഥാനത്ത് എത്തിയത്. 30363 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 1,46670 പേര്‍ വന്നു.

ഇവരില്‍ 93783 പേര്‍ തീവ്രരോഗവ്യാപന മുള്ള മേഖലയില്‍ നിന്ന് എത്തിയവരാണ്. 63 ശതമാനം പേര്‍. റോഡ് വഴി 79 ശതമാനവും റെയില്‍ വഴി 10.81, വിമാനം വഴി 9.41 ശതമാനം പേരും വന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍ പേര്‍ വന്നത്, 37 ശതമാനം. കര്‍ണാടക 26.9, മഹാരാഷ്ട്ര 14 ശതമാനം. വിദേശത്തുള്ളവരില്‍ യുഎഇയില്‍ നിന്നാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തിയത്, 47.8 ശതമാനം. ഒമാന്‍ 11 .6 , കുവൈറ്റ് 7.6 ശതമാനം.

വന്നവരില് 680 പേര്‍ക്കാണ് ഇന്നുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 343 പേര്‍ വിദേശങ്ങളില്‍ നിന്നും 337 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത് മഹാരാഷ്ട്രയില്‍ നിന്നാണ്.

ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ തീരുമാനം ആയി. പതിനാലായിരം പരിശോധന കിറ്റുകള്‍ ഐസിഎംഐര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒരാഴ്ച പതിനയ്യായിരം ആന്റിബോഡി ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം. സമൂഹ വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാനാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിയവരില്‍ ഏറ്റവും അധികം വൈറസ് ബാധ ഉണ്ടായത് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരിലാണ്. ഏറ്റവും കൂടിയ കൊവിഡ് വ്യാപന കണക്ക് പുറത്ത് വരുമ്പോള്‍ തന്നെയാണ് ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളുമെല്ലാം തുറക്കാന്‍ തീരുമാനിക്കുന്നത്. ഇത് അസാധാരണമായ വെല്ലുവിളിയാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ഉണ്ടാക്കുന്നത്.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടി എത്തിത്തുടങ്ങുന്നതോടെ ഒരു ലക്ഷം പേരെങ്കിലും കേരളത്തിലേക്ക് എത്തും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക