തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറികള്‍ സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. കോച്ച് ഫാക്ടറി നടപ്പാക്കാനുള്ള അവസാനശ്രമമെന്ന നിലയില്‍ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനിരിക്കെയാണ് റെയില്‍വേയുടെ പുതിയ തീരുമാനം.
2008 ലെ ബഡ്ജറ്റില്‍ നിര്‍ദ്ദേശിച്ച പദ്ധതിക്ക് 550 കോടി രൂപയാണ് ചെലവ്. പ്രതിവര്‍ഷം 450 കോച്ചുകളുണ്ടാക്കാവുന്ന ഫാക്ടറി സംസ്ഥാനത്തിന് അനുവദിക്കാതെ ഒഴിഞ്ഞുമാറുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്ന് വ്യക്തമായ മറുപടി കിട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ മലക്കം മറിച്ചില്‍.
അതേസമയം, പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് കത്തയച്ചിരുന്നു.
എന്നാല്‍, കോച്ചുകളുടെ ആവശ്യകതയും ഏതുതരം കോച്ചുകളാണ് ആവശ്യമെന്നതും സംബന്ധിച്ച് നടത്തുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ മുന്നോട്ടുപോക്കെന്നും മന്ത്രിയുടെ കത്തില്‍ വ്യക്തമാക്കിയിരുന്നു. നേരത്തേ കേന്ദ്രമന്ത്രിയുമായി വി.എസ് നടത്തിയ കൂടിക്കാഴ്ചാവേളയില്‍ ഇതുസംബന്ധിച്ച് വി.എസ് കൈമാറിയ കത്തിനാണ് പീയുഷ് ഗോയലിന്റെ മറുപടി വന്നത്.
ഇക്കുറി നടന്നില്ലെങ്കില്‍ കോച്ച് ഫാക്ടറി എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവന്നേക്കുമെന്നുള്ള സാഹചര്യമാണ് നിലവിലുള്ളത്.