പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപനത്തിലൊതുങ്ങിയേക്കുമെന്ന് സൂചന
India
പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപനത്തിലൊതുങ്ങിയേക്കുമെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd February 2014, 11:54 am

[]ന്യൂദല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങാന്‍ സാധ്യത. അഞ്ചു വര്‍ഷം മുമ്പ് ബജറ്റില്‍ പ്രഖ്യാപിച്ച കോച്ച് ഫാക്ടറിയാണ് കേരളത്തിന് നഷ്ടമായേക്കുമെന്ന സൂചനകള്‍ ലഭിച്ചിരിക്കുന്നത്.

പദ്ധതിയില്‍ പൊതു-സ്വകാര്യ മേഖലാ കമ്പനികള്‍ താത്പര്യം കാണിക്കാത്തത് നിരാശപ്പെടുത്തുന്നതായി റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാര്‍ പറഞ്ഞു. യോഗ്യതാപത്രം സമര്‍പ്പിച്ച ചൈനീസ് കമ്പനിയുടെ കാര്യത്തില്‍ ഒരൂ മാസത്തിനകം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയില്‍ താത്പര്യമറിയിച്ച പോതുമേഖലാ സ്ഥാപനമായ സെയില്‍ പിന്നീട് യോഗ്യതാപത്രം സമര്‍പ്പിച്ചിരുന്നില്ല. പദ്ധതിക്കാവശ്യമായ ഭൂമിയും സാങ്കേതിക വിദ്യയും കൈവശമുണ്ടായിരുന്നിട്ടും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ മുന്നോട്ടു വരാത്തതില്‍ നിരാശയുണ്ടെന്നും അരുണേന്ദ്രകുമാര്‍ പറഞ്ഞു.

ചൈനയില്‍ നിന്നുള്ള സി.എസ്.ആര്‍ ലിമിറ്റഡ് മാത്രമാണ് നിലവില്‍ യോഗ്യതാപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഈ കമ്പനിക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കും.

എന്നാല്‍ ചൈനീസ് കമ്പനിയുടെ അപേക്ഷ അംഗീകരിക്കാനിടയില്ലെന്ന് റയില്‍ മന്ത്രാലയവും പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും യോഗ്യതാപത്രം ക്ഷണിക്കേണ്ടതായി വരും.

പാലക്കാട് കോച്ച് ഫാക്റ്ററി പദ്ധതി നീണ്ടുപോകുമെന്ന സൂചനയാണ് ബോര്‍ഡ് ചെയര്‍മാന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

പൊതുമേഖലയില്‍ കോച്ച് ഫാക്ടറി നിര്‍മിക്കണമെന്ന് കേരളത്തിന്റെ ആവശ്യം നേരത്തെ നിരാകരിച്ച റെയില്‍വേ മൂന്നു ദിവസം മുമ്പാണ് കര്‍ണാടകയിലെ കോളാറില്‍ പൊതുമേഖലയില്‍ ഫാക്ടറി നിര്‍മിക്കാന്‍ അവിടുത്തെ സര്‍ക്കാറുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.