[]ന്യൂദല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് കേരളം നടത്തിയ സമ്മര്‍ദ്ദം പാഴായി. കോച്ച് ഫാക്ടറി സ്ഥാപിക്കുന്നത് സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കുമെന്ന് ഏതാണ്ട് വ്യക്തമായി. []
സ്വകാര്യ പങ്കാളിത്തം തേടി റെയില്‍വേ യോഗ്യതാ പത്രം പുറത്തിറക്കിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന 58 പേജുള്ള യോഗ്യതാ പത്രമാണ് പുറത്തിറക്കിയത്.
ധന, നിയമ, റെയില്‍വേ മന്ത്രാലയങ്ങളിലെയും കേന്ദ്ര ആസൂത്രണ കമീഷനിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന മന്ത്രാലയ സമിതിയാണ് യോഗ്യതക്കുള്ള അപേക്ഷയുടെ കരട് കഴിഞ്ഞ ആഴ്ച തയാറാക്കിയത്.
ഇതു പ്രകാരം ഒക്ടോബര്‍ 11 വരെ അപേക്ഷയ്ക്ക് സമയമുണ്ട്. യോഗ്യരായ ആറ് കമ്പനികളുടെ ചുരക്കപ്പട്ടിക റെയില്‍വേ പിന്നീട് പ്രസിദ്ധീകരിക്കും.
പൊതുമേഖലയില്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം റെയില്‍വേ ഇതോടെ തള്ളിയിരിക്കുകയാണ്. 600 കോടിയുടെ പദ്ധതിയില്‍ റെയില്‍വേ മുടക്കുക 60 കോടി മാത്രമാണെന്നും ഇതില്‍ വ്യക്തമാക്കുന്നു.
സെയ്‌ലിന്റെ പങ്കാളിത്ത വാഗ്ദാനം മറികടന്നാണ് റെയില്‍വേയുടെ ഈ നടപടി. സ്വകാര്യ കമ്പനികളില്‍നിന്ന് ഉടന്‍ അപേക്ഷ ക്ഷണിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു.
6,000 കോടി ചെലവുള്ള പദ്ധതിയുടെ നിര്‍മാണത്തിന് യോഗ്യതക്കുള്ള അപേക്ഷ(റിക്വസ്റ്റ് ഫോര്‍ ക്വാളിഫിക്കേഷന്‍) തയാറായി കഴിഞ്ഞെന്നും ടെന്‍ഡര്‍ വിളിച്ച് ഈ സാമ്പത്തിക വര്‍ഷംതന്നെ നിര്‍മാണ പങ്കാളിയെ കണ്ടത്തെുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.
പ്രതിരോധ മന്ത്രി എ.കെ. ആന്റണി അടക്കമുള്ളവര്‍ മുന്‍കൈയെടുത്ത് കോച്ച് ഫാക്ടറി പൊതുമേഖലയില്‍ യാഥാര്‍ഥ്യമാക്കാന്‍ തയാറാക്കിയ പദ്ധതി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുതിയ റെയില്‍വേ മന്ത്രിയായതോടെയാണ് അട്ടിമറിച്ചത്.
പൊതുമേഖലയില്‍ നടപ്പാക്കാന്‍ ആസൂത്രണക്കമ്മീഷന്‍ സമ്മതിക്കില്ലെന്ന് കേന്ദ്ര റെയില്‍വേമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കോച്ച് ഫാക്ടറി പൊതുമേഖലയില്‍ നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാനാണ് മന്ത്രിസഭയുടെ അംഗീകാരം നല്‍കിയത്.