പാലക്കാട്: ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രവചനങ്ങള്‍ നടന്ന പാലക്കാട് നിയമസഭ മണ്ഡലത്തില്‍ പോളിങ് അവസാനിച്ചു. 70.01 ശതമാനം പോളിങ്ങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. രാവിലെ മന്ദഗതിയില്‍ തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരത്തോടെ ദ്രുതഗതിയിലേക്കെത്തുകയായിരുന്നു. 2021ല്‍ നിയമഭ തെരഞ്ഞെടുപ്പില്‍ 75 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്.
2021ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഇ.ശ്രീധരനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ് മണ്ഡലത്തില്‍ വിജയിച്ചത്. എന്നാല്‍ ഷാഫി പറമ്പില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെ പാലക്കാട് സീറ്റ് ഒഴിവ് വരുകയായിരുന്നു.
ഏഴ് മണിയോടെയാണ് പോളിങ് ശതമാനം 70 കടന്നത്. ഇപ്പോഴും പോളിങ് ബൂത്തുകളില്‍ തിരക്കുണ്ടെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 184 പോളിംഗ് ബൂത്തുകളില്‍ 105 എണ്ണത്തില്‍ 57.06 ശതമാനം പോളിങ് രേഖപ്പെടുത്തി.
അതേസമയം പോളിങ്ങിന്റെ അവസാനഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പല രീതിയിലുമുള്ള വാക്കേറ്റങ്ങള്‍ ഉണ്ടായി. വെണ്ണക്കരയിലെ പോളിങ് ബൂത്തിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ബൂത്തില്‍വെച്ച് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് എല്‍.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആരോപണം സംഘര്‍ഷത്തിലേക്ക് എത്തിയപ്പോള്‍ പൊലീസ് ഇടപെടുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കന്നി അങ്കമാണിത്. എതിര്‍സ്ഥാനത്ത് പ്രാദേശിക നേതാവായ കൃഷ്ണകുമാറായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ത്ഥി. തുടക്കത്തില്‍ ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനടക്കമുള്ള സംസ്ഥാന നേതാക്കളുടെ പേരുകള്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്ന് വന്നെങ്കിലും കൃഷ്ണകുമാറിന് നറുക്ക് വീഴുകയായിരുന്നു.
മുന്‍ കോണ്‍ഗ്രസ് നേതാവായ ഡോ.പി.സരിനാണ് സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥി. ഇടതുപക്ഷം പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സരിന്‍ മത്സരിക്കുന്നത്.