പാലക്കാട്: പാലക്കാട് തകര്‍ന്നു വീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ലെന്ന് ഉറപ്പുവരുത്തി തിരച്ചില്‍ രണ്ടാം ദിവസം അവസാനിപ്പിച്ചു. ബലക്ഷയം കണക്കിലെടുത്ത് അപകടമുണ്ടായ കെട്ടിട സമുച്ചയത്തിലെ 25 സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്ത് പൂട്ടി.
നഗരത്തിലെ കെട്ടിടങ്ങളുടെ കാലപ്പഴക്കം കണ്ടെത്താനുളള പരിശോധനയും തുടങ്ങി. ഇന്നലെ ഉച്ചയ്ക്കാണ് മൂന്നുനില കെട്ടിടം നിലംപൊത്തിയത്. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടപ്പില്ലെന്ന് ഉറപ്പാക്കുന്നതിനായിരുന്നു രണ്ടാംദിവസവും യുദ്ധകാലടിസ്ഥാനത്തിലുളള തിരച്ചില്‍ നടത്തിയത്.
അഗ്‌നിശമന, ദേശീയ ദുരന്തനിവാരണ സേനകള്‍ നടത്തിയ പരിശോധനയും പൊലീസ് റവന്യൂ വിഭാഗത്തിന്റെ ഏകോപനവും നടപടികള്‍ വേഗത്തിലാക്കി.
കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ലോഡ്ജ് മുറികള്‍ അനധികൃതമായി കെട്ടിപ്പൊക്കിയതാണെന്ന് കണ്ടെത്തിയതോടെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപകടാവസ്ഥ കണക്കിലെടുത്ത് കെട്ടിടത്തിലുണ്ടായിരുന്ന ഓഫീസുകളും വ്യാപാരശാലകളുമടക്കം 25 കടമുറികള്‍ ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തു. മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ നഗരസഭയുടെ വാണിജ്യ സമുച്ചയവും അടച്ചു പൂട്ടി.
Read: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് വീണ്ടും മത്സരിക്കും
പൊതുമരാമത്ത് കെട്ടിടവിഭാഗം, നഗരസഭാ എന്‍ജിനീയറിങ് വിഭാഗം എന്നിവര്‍ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ കണ്ടെത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവായിട്ടുണ്ട്.
കെട്ടിട ഉടമയ്‌ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പരുക്കേറ്റ് ആശുപത്രിയിലുള്ളവര്‍ സുഖം പ്രാപിച്ചുവരുന്നു.