| Saturday, 14th November 2020, 9:18 am

പാലക്കാട് ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിത്തര്‍ക്കം; മത്സരത്തില്‍ നിന്ന് പിന്മാറി മുതിര്‍ന്ന നേതാവ്; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് നഗരസഭയില്‍ സ്ഥാനാര്‍ത്ഥി പട്ടികയെചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷം. വിജയ സാധ്യതയുള്ള സീറ്റില്‍ നിന്നും മാറ്റിനിര്‍ത്തിയതായി ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എസ്.ആര്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതൃപ്തി രേഖപ്പെടുത്തിയ ബാലസുബ്രഹ്മണ്യം മത്സരത്തില്‍ നിന്ന് പിന്മാറുന്നതായും അറിയിച്ചു. മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ ബി.ജെ.പിയിലെ ഒരു വിഭാഗത്തില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

മത്സരിക്കാന്‍ താത്പര്യമറിയിച്ച സിറ്റിംഗ് സീറ്റുകളില്‍ നിന്ന് മാറ്റി പുത്തൂര്‍ നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്നാണ് പാര്‍ട്ടി നല്‍കിയതെന്നും മുതിര്‍ന്ന നേതാക്കളിലൊരാളായ ബാലസുബ്രഹ്മണ്യം പറഞ്ഞു. തീരുമാനം തന്നോട് കൂടിയാലോചിക്കാതെയാണ് പാര്‍ട്ടി എടുത്തതെന്നും അതില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പില്‍ നിന്നും മാറിനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാലസുബ്രഹ്മണ്യം അതൃപ്തി അറിയിച്ച് പിന്മാറിയതോടെ ബി.ജെ.പിയുടെ ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസിനോട് മത്സരത്തിനിറങ്ങാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

കേരളത്തില്‍ നിലവില്‍ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. രണ്ട് പതിറ്റാണ്ടിലേറെയായി നഗരസഭ കൗണ്‍സിലറാണ് ബാലസുബ്രഹ്മണ്യം.

സംസ്ഥാന ബി.ജെ.പിക്കകത്ത് കുറച്ച് കാലങ്ങളായി ഉടലെടുത്ത അഭിപ്രായ ഭിന്നത പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കിയെന്ന് മുതിര്‍ന്ന നേതാവ് പി. പി മുകുന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്നത് രഹസ്യമല്ല. അഭിപ്രായ ഭിന്നതകള്‍ പരഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

പാര്‍ട്ടിക്കകത്ത് ഉടലെടുത്ത പ്രശ്‌നങ്ങളില്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഭാരവാഹികള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കിയതായി വാര്‍ത്തകള്‍ ഉണ്ട്. ഇതിന്റെ നിജസ്ഥിതി ഉത്തരവാദിത്തപ്പെട്ടവര്‍ പ്രവര്‍ത്തകരെ അറിയിക്കണം. അനുകൂല സന്ദര്‍ഭങ്ങളുണ്ടായിട്ടും ദേശീയതലത്തിലേതിനനുസൃതമായി വോട്ടുകളാക്കുന്നതില്‍ ബി.ജെ.പി വിജയിക്കുന്നില്ല. ഇതില്‍ ഗൗരവ പരിശോധന വേണമെന്നും മുകുന്ദന്‍ പറഞ്ഞിരുന്നു.

അതേസമയം പാര്‍ട്ടിക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയത് കേന്ദ്രനേതൃത്വം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാനായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ദല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാന നേതൃത്വം അടുത്ത ദിവസം തന്നെ കോര്‍ കമ്മിറ്റി യോഗം വിളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Palakkad BJP candidate list conflict senior leaders are in protest

Latest Stories

We use cookies to give you the best possible experience. Learn more