| Monday, 8th November 2021, 8:31 pm

വീട് വിട്ടിറങ്ങിയത് പ്രണയം നിരസിച്ചതിനാല്‍; കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ആലത്തൂരിലെ ഇരട്ട സഹോദരിമാരടക്കം സഹപാഠികളായ നാല് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്ന് മൊഴി.

തങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ കോയമ്പത്തൂര്‍ ആര്‍.പി.എഫിനോട് വെളിപ്പെടുത്തിയത്.

പൊലീസ് പിടിയിലാകുമ്പോള്‍ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂര്‍ ആര്‍.പി.എഫ് അറിയിച്ചു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും പൊലീസ് കണ്ടെത്തിയത്.

നവംബര്‍ മൂന്നാം തീയതി ആലത്തൂരില്‍നിന്ന് വീട്ടില്‍ നിന്നിറങ്ങിയ ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആദ്യം പൊള്ളാച്ചിയിലേക്കാണ് പോയത്. പിന്നീട് ഊട്ടിയിലെത്തിയ ഇവര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു.

തിങ്കളാഴ്ച ഊട്ടിയില്‍ നിന്നാണ് നാല് പേരും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. റെയില്‍വേ പൊലീസ് കണ്ടെത്തുമ്പോള്‍ 9100 രൂപയും 40,000 രൂപ വിലവരുന്ന ഡയമണ്ട് ലോക്കറ്റും മാലയും ഇവരുടെ പക്കലുണ്ടായിരുന്നു.

സഹോദരിമാര്‍ സഹപാഠികള്‍ക്കൊപ്പം പാലക്കാട് ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

ഇതോടെ തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കുട്ടികള്‍ ഗോവിന്ദപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ അത് സ്വിച്ച് ഓഫായതായി കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Palakkad Alathur missing students in affair latest news

We use cookies to give you the best possible experience. Learn more