പാലാ: കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സീറോ മലബാര്‍ പാലാ രൂപതയുടെ തീരുമാനം ഉറച്ചതെന്ന് മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
തീരുമാനം ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
‘ഇത് ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ക്രൈസ്തവ മൂല്യങ്ങളുമായി ബന്ധപ്പെട്ടാണ് താന്‍ ഇങ്ങനൊരു പ്രസ്താവന കുടുംബ യോഗത്തില്‍ നല്‍കിയത്.
ഈ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു. കൂടുതല്‍ കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്നതുള്‍പ്പെടെ പാലാ രൂപതയെടുത്ത തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നത് സംബന്ധിച്ച് വിശദമാക്കും,’ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നാണ് രൂപതയുടെ പ്രഖ്യാപനം.
ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ മാര്‍ സ്ലീവ മെഡിസിറ്റി പാല സൗജന്യമായി നല്‍കുമെന്നും പാലാ രൂപതയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റില്‍ പറയുന്നു.
പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021 ന്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.