കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന് കേരളത്തിന് പുറത്തുള്ള മലയാളികളും ഇരയായതായി വെളിപ്പെടുത്തല്‍. ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ പലരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പരാതിക്കാരനായ അനൂപ് അഹമ്മദ് വ്യക്തമാക്കി.
ബെംഗളൂരുവില്‍ മലയാളികള്‍ അടക്കം ഒട്ടേറെ പേരില്‍ നിന്നായി 50 കോടിയോളം രൂപ തട്ടിയെന്നാണ് വിവരം. ബെംഗളൂരുവില്‍ പാലക്കാട് സ്വദേശി ഡോ.രാമചന്ദ്രന്റെ 40 കോടി തട്ടിയെടുത്തു.
മോന്‍സനു തൃപ്പൂണിത്തുറയില്‍ സ്വന്തമായി കൊട്ടാരമുണ്ടെന്നും വില്‍പന നടന്നാല്‍ കോടിക്കണക്കിനു രൂപ കമ്മീഷന്‍ നല്‍കുമെന്നുമുള്ള വാഗ്ദാനം വിശ്വസിച്ചാണ് ഡോ. രാമചന്ദ്രന്‍ മോന്‍സനുമായി ഇടപാടുകള്‍ തുടങ്ങിയത്.
കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ച 2.62 ലക്ഷം കോടി കോടി രൂപ കിട്ടാനുണ്ടെന്ന് വിശ്വസിപ്പിച്ചും തട്ടിപ്പു നടത്തി. 10 വര്‍ഷമായി പണം നല്‍കുവെന്നാണ് മംഗളൂരു സ്വദേശിയായ യശ്വന്ത് പറയുന്നത്.
പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്റെ തട്ടിപ്പ്.
തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സണ്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.
പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.
എന്നാല്‍ പരിശോധനയില്‍ ബാങ്കിലോ വിദേശത്തോ ഇയാള്‍ക്ക് അക്കൗണ്ടുകള്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി തുടങ്ങിയവ തന്റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.
ഇത് ചേര്‍ത്തലയിലെ ഒരു ആശാരി നിര്‍മ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം തന്റെ കൈവശമുള്ളത് ഒറിജിനലല്ല, അതിന്റെ പകര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ് മോന്‍സന്‍ നല്‍കിയ മൊഴി.
ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ലഭിച്ച വെള്ളി നാണയങ്ങളും, മോശയുടെ അംശവടിയും കണ്ട മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഇയാളെ കുടുക്കിയത്.