അപകടകരമായ പ്രവണത ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്, പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാം; വിശദീകരണവുമായി പാല രൂപത
Narcotics Jihad
അപകടകരമായ പ്രവണത ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്, പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാം; വിശദീകരണവുമായി പാല രൂപത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th September 2021, 1:23 pm

കോട്ടയം: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറാങ്ങാട്ടിന്റെ നാര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തില്‍ വിശദീകരണവുമായി പാലാ രൂപത. ബിഷപ്പിന്റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്ന് രൂപത അറിയിച്ചു.

സഹായ മെത്രാനാണ് പാല രൂപതയുടെ പ്രസ്താവന പുറത്തിറക്കിയത്. സമൂഹത്തിലെ അപകടകരമായ പ്രവണത ചൂണ്ടിക്കാണിക്കുകയാണ് പാലാ ബിഷപ്പ് ചെയ്തതെന്നാണ് വിശദീകരണം.

‘പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാം. തെറ്റിദ്ധാരണജനകമായ പ്രചരണം അവസാനിപ്പിക്കണം,’ പ്രസ്താവനയില്‍ പറയുന്നു.

കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്സ് ജിഹാദും നടക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം.

മുസ്‌ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍കോട്ടിക്സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറയുന്നത്.

കേരളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടക്കില്ലെന്ന് മനസിലായപ്പോഴാണ് ഇത്തരം മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതെന്നും ബിഷപ്പ് പറഞ്ഞു. എട്ട് നോമ്പിനടുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ വെച്ചു നടത്തിയ പ്രസംഗത്തിനിടയിലാണ് ബിഷപ്പിന്റെ വിവാദ പ്രസ്താവന.

കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ബിഷപ്പ് പറയുന്നത്. കോളേജുകളെയും സ്‌കൂളുകളെയും കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് മറ്റു താല്‍പര്യങ്ങളുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മുസ്ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാല്‍ വിവാദം പോലുള്ള സംഭവങ്ങളെന്നും ഇത്തരത്തില്‍ വിവിധ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.

മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ കേരളത്തില്‍ ജിഹാദി സ്ലീപ്പര്‍ സെല്ലുകളുണ്ടെന്ന പ്രസ്താവനയും കല്ലറങ്ങാട്ട് പരാമര്‍ശിക്കുന്നുണ്ട്. അതേസമയം പാലാ ബിഷപ്പിനെതിരെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ദല്‍ഹി സര്‍വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിയും എം.എസ്.എഫ് ദല്‍ഹി വൈസ് പ്രസിഡന്റുമായ അഫ്‌സല്‍ യൂസഫാണ് പരാതിക്കാരന്‍. തൃശ്ശൂര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘പരസ്പരം ചെളിവാരിയെറിയന്നത് നിര്‍ത്തണം. മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യം പരിശോധിക്കണം,’ സതീശന്‍ പറഞ്ഞു.

നാട്ടില്‍ ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എന്തുവിലകൊടുത്തും തടയുകയാണ് തങ്ങളെ പോലുള്ള രാഷ്ട്രീയനേതാക്കളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം. ബിഷപ്പ് ഉന്നയിച്ച ആരോപണം വഷളാക്കാന്‍ മറ്റൊരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണെന്നും അത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നാര്‍ക്കോട്ടിക് ഏതെങ്കിലും ഒരു മതത്തെ ബാധിക്കുന്നതല്ല. സമൂഹത്തെയാകെ ബാധിക്കുന്നതാണ്. അതിനെതിരെ സര്‍ക്കാര്‍ ബോധവാന്‍മാരാണ്,’ അദ്ദേഹം പറഞ്ഞു.

നാര്‍ക്കോട്ടികിന് ഏതെങ്കിലും മതത്തിന്റെ നിറമില്ലെന്നും അതിന് സാമൂഹിക വിരുദ്ധതയുടെ നിറം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാലാ ബിഷപ്പ് എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pala Roopatha on Pala Bishop Narcotic Jihad