ആരാധനാലയങ്ങളിലെ അന്യമതസ്ഥരുടെ സാന്നിധ്യം അതിക്രമത്തിന് വഴിയൊരുക്കുന്നത് അപകടകരം: മാണി സി. കാപ്പന്‍
Kerala News
ആരാധനാലയങ്ങളിലെ അന്യമതസ്ഥരുടെ സാന്നിധ്യം അതിക്രമത്തിന് വഴിയൊരുക്കുന്നത് അപകടകരം: മാണി സി. കാപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th February 2024, 6:30 pm

കോട്ടയം: ആരാധനാലയങ്ങളുടെ പരിസരത്ത് അന്യമതസ്ഥരുടെ സാന്നിധ്യം അതിക്രമത്തിന് വഴിയൊരുക്കുന്നത് അപകടകരമായ സാമൂഹ്യ സാഹചര്യമാണെന്ന് പാല എം.പി മാണി സി. കാപ്പന്‍. പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറോന പള്ളിയിലെ വൈദികന്‍ യുവാക്കളാല്‍ ആക്രമിക്കപ്പെട്ട സംഭവത്തിലാണ് മാണി സി. കാപ്പന്റെ പരാമര്‍ശം.

ആരാധനാലയങ്ങളുടെ പരിസരത്ത് അന്യമതസ്ഥരുടെ സാന്നിധ്യം ആക്രമണത്തിന് വഴിയൊരുക്കിയാല്‍ അത് സൃഷ്ടിക്കുന്നത് അപകടകരമായ സാമൂഹ്യ സാഹചര്യമാണെന്ന ചിന്ത നാം ഓരോരുത്തരിലും ഉണ്ടാവേണ്ടതാണെന്ന് മാണി സി. കാപ്പന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

അക്രമണത്തിന് ഒരു വര്‍ഗീയ ഛായ ഉണ്ടാകുമ്പോള്‍ അത് സമൂഹത്തെ തള്ളിവിടുന്നത് വലിയ പൊട്ടിത്തെറിയിലേക്ക് ആകുമെന്ന് മാണി സി. കാപ്പന്‍ പറയുന്നു. സഭാ നേതൃത്വത്തിന്റെ പക്വപരവും മിതത്വം നിറഞ്ഞതുമായ നിലപാടാണ് സാഹചര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ സഹായകരമായതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സേനയുടെ ഭാഗത്തുനിന്ന് അല്‍പം കൂടി സമയോചിതമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടിയിരുന്നുവെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും അന്യമതസ്ഥരുടെ വിശ്വാസങ്ങളോടും ആരാധനാലയങ്ങളോടും ബഹുമാനം കാണിക്കണമെന്നും മാണി സി. കാപ്പന്‍ കുറിച്ചു.

അന്യമതസ്ഥരുടെ വിശ്വാസങ്ങളിലേക്ക് അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പക്വത സമൂഹം പുലര്‍ത്തിയാല്‍ മാത്രമേ സമാധാനപൂര്‍വമായ ഒരു സാഹചര്യം നിലനിര്‍ത്താനാവുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ മാണി സി. കാപ്പന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. സാമൂഹികമായി ചില പ്രശ്‌നങ്ങള്‍ നേരിടുകയും അതില്‍ കൂട്ടായി ഒരു പരിഹാരം കാണുകയും ചെയ്യേണ്ട സാഹചര്യത്തില്‍ മാണി സി. കാപ്പന്‍ വര്‍ഗീയത വിളമ്പുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു.

ഈ വിഷയത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കോട്ടയം എസ്.പി രംഗത്തെത്തിയിരുന്നു. വര്‍ഗീയ ലക്ഷ്യം വെച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്ന് അദ്ദേഹം അറിയിച്ചു.

Content Highlight: Mani C. kappan said that the presence of non-religious people in the vicinity of places of worship is a dangerous social situation