|

പാലാ മോഡൽ സംഭവം 1993ൽ അമേരിക്കയിലും; റോഡുപണി കഴിഞ്ഞ് മാറ്റിവെച്ച കോൺക്രീറ്റ് കല്ലിനെ ശിവലിംഗമാക്കി ഇന്ത്യക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാല ബിഷപ്പ് ഹൗസില്‍ കപ്പ നടാന്‍ കുഴിയെടുക്കുമ്പോള്‍ ശിവലിംഗം കണ്ടുവെന്ന ആവകാശവാദത്തിന് സമാനമായ മറ്റൊരു സംഭവം 1993ൽ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലും സംഭവിച്ചിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ. പ്രവാസി മലയാളിയായ നസീർ ഹുസ്സൈൻ കിഴക്കേടത്ത് ആണ് സംഭവം പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പാല അരമനയുടെ ഉടമസ്ഥതതിയിലുള്ള ഭൂമിയില്‍ കപ്പകൃഷിക്കായി നിലമൊരുക്കുന്നതിനിടയില്‍ ശിവലിംഗത്തിന്റെ രൂപസാദൃശ്യമുള്ള കല്ലുകൾ പ്രത്യക്ഷപ്പെട്ടത്. ശിവലിംഗം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തണ്ടളത്ത് തേവര്‍ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രവും ആരാധനയും നടന്നിരുന്നതായാണ് വെള്ളാപ്പാട് ഭഗവതി ക്ഷേത്രഭാരവാഹികളുടെ അവകാശ വാദം.

സംഭവം വാർത്തയായതോടെ നിരവധി കമെന്റുകൾ വാർത്തകൾക്ക് താഴെ വന്നിരുന്നു. അതിൽ വന്നൊരു കമെന്റ് എടുത്ത് പറഞ്ഞുകൊണ്ടാണ് നസീർ ഹുസ്സൈന്റെ പോസ്റ്റ്.

‘ഇനി ഏതു മൈൽകുറ്റി കണ്ടാലും അവർ ശിവലിംഗം ആക്കുമോ എന്നത് ബിഷപ്പ് ഹൗസിൽ ശിവലിംഗം കണ്ടു എന്ന വാർത്തയുടെ അടിയിൽ കണ്ട ഒരു കമന്റാണ്. പറഞ്ഞത് തമാശയാണെങ്കിലും, അമേരിക്കയിലെ സാൻ ഫ്രാന്സിസ്കോയിൽ ശരിക്കും നടന്ന ഒരു സംഭവമാണിത്,’ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങിയത്.

1993 ൽ റോഡുപണിയെല്ലാം കഴിഞ്ഞപ്പോൾ, ട്രാഫിക്ക് ബ്ലോക്ക് ചെയ്യാൻ വച്ചിരുന്നതിൽ ബാക്കി വന്ന ഒരു കോൺക്രീറ്റ് ബ്ലോക്ക്, ഒരു ക്രെയിൻ ഓപ്പറേറ്റർ സാൻ ഫ്രാന്സിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാർക്കിൽ കൊണ്ടുവന്നു തള്ളി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ, ഈ പാർക്കിൽ നടക്കാൻ വന്ന ഏതോ ‘ഹിന്ദുവിശ്വാസിക്ക്’ കോൺക്രീറ്റ് ബ്ലോക്കിന് ശിവലിംഗവുമായി സാദൃശ്യം ഉള്ളതായി തോന്നി.

Idol found in Pala Bishop House

ഇന്ത്യയിൽ നിന്ന് അടുത്തിടെ അമേരിക്കയിൽ വന്ന ആ വിശ്വാസിക്ക് അമേരിക്കയിലെ റോഡ് ബ്ലോക്കിന് ഉപയോഗിക്കുന്ന കോൺക്രീറ്റിന് നാട്ടിലെ ശിവലിംഗത്തിന്റെ രൂപമുണ്ടെന്ന് അറിയില്ലായിരുന്നു. അതോടെ ആളുകളുടെ വരവായി, പൂജയായി, അവിടെ ഒരു സ്ഥിരം ശിവക്ഷേക്ഷേത്രം വേണമെന്ന ആവശ്യവും ഉയർന്നു.

ഇതോടെ സംഭവ സഥലത്ത് റോഡുപണി നടക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടായി. പിന്നാലെ അധികാരികൾ വേറെ ഒരു ക്രെയിൻ കൊണ്ടുവന്നു കല്ല് പാർക്കിൽ നിന്ന് മാറ്റിയതോടെ ഈ ബഹളങ്ങൾ അസ്തമിച്ചു.

ഈ രണ്ട് സംഭവങ്ങളും അത്ര നിഷ്കളങ്കമല്ലെന്ന് വിമർശിക്കുകയാണ് പോസ്റ്റ് ഷെയർ ചെയ്ത വ്യക്തി.

‘ബിഷപ്പ് ഹൗസിലെ ശിവലിംഗം ഒരു തമാശയാണെന്ന് നിങ്ങളിൽ ചില നിഷ്കളങ്കർ എങ്കിലും കരുതും. ഇത് സംഘ്പരിവാറിന്റെ എക്കാലത്തും പയറ്റിത്തെളിഞ്ഞ പ്രവർത്തന രീതിയാണ്. ഇങ്ങിനെ ഒരു കല്ല് കൊണ്ടുവന്നു വച്ചാണ് അവർ ബാബരി മസ്ജിദ് പൊളിച്ചതും അവിടെ ഒരമ്പലം പണിതതും, ആ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം എന്റെ അടുത്ത സുഹൃത്തുക്കൾ ഉൾപ്പെടെ ഉള്ളവർ വീടുകളിൽ പൂജ നടത്തിയിട്ടുണ്ട്. ഈ ബിഷപ് ഹൗസിലെ ശിവലിംഗം ഇനി നോർത്ത് ഇന്ത്യയിലെ പ്രധാന വാർത്തയായി മാറും. ഒരു നുണ പല തവണ പറഞ്ഞു സത്യമാക്കാൻ സംഘ പരിവാറിനെ കഴിഞ്ഞേ വേറെ ആളുകളുള്ളൂ. മനുഷ്യ മനസുകളെ ഭിന്നിപ്പിക്കാൻ മതം പോൽ ഉപയോഗയോജ്യമായ ഒന്നില്ല,’ അദ്ദേഹം വിമർശിച്ചു.

Content Highlight: Pala Model incident in 1993 in America; Indians turned the concrete stone left behind after the road construction into Shiva Lingam

Video Stories