| Tuesday, 27th July 2021, 9:06 am

മുയലുകളെ പോലെ പെറ്റുകൂട്ടുകയല്ല, ഉത്തരവാദിത്തതോടെ കുട്ടികളെ വളര്‍ത്താനാണ് ശ്രദ്ധിക്കേണ്ടത്; പാലാ രൂപതയുടെ നടപടിക്ക് പിന്നാലെ ചര്‍ച്ചയായി ഫ്രാന്‍സിസ് പാപ്പയുടെ മുന്‍ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ: കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സീറോ മലബാര്‍ പാല രൂപതയുടെ നടപടി വിവാദത്തിലായതിന് പിന്നാലെ ചര്‍ച്ചയായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ പ്രസ്താവന. മുയലുകളെ പോലെ പെറ്റുകൂട്ടകയല്ല, ഉത്തരവാദിത്തത്തോടെ കുട്ടികളെ വളര്‍ത്താനാണ് കത്തോലിക്കര്‍ ശ്രദ്ധിക്കേണ്ടതെന്നാണ് 2015ല്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ മാര്‍പാപ്പ പറഞ്ഞത്.

അന്ന് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തെ എതിര്‍ത്ത ഫ്രാന്‍സിസ് പാപ്പ സഭ അംഗീകരിക്കുന്ന സ്വാഭാവിക രീതികളാണ് കുടുംബാസൂത്രണത്തിന് സ്വീകരിക്കേണ്ടതെന്നും പറഞ്ഞിരുന്നു.

‘നല്ല കത്തോലിക്കനാകാന്‍ മുയലുകളെ പോലെ പെറ്റുകൂട്ടേണ്ടതില്ല, ഉത്തരവാദിത്തബോധമുള്ള മാതാപിതാക്കളായി നല്ല രീതിയില്‍ കുട്ടികളെ വളര്‍ത്തുകയാണ് വേണ്ടത്. സഭ അംഗീകരിക്കുന്ന മാര്‍ഗങ്ങളിലൂടെ കുടുംബാസൂത്രണം നടപ്പിലാക്കാനാണ് ദമ്പതികള്‍ ശ്രദ്ധിക്കേണ്ടത്.

ഏഴ് സിസേറിയന്‍ പ്രസവത്തിന് ശേഷം എട്ടാമതും ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീയെ കണ്ടിരുന്നു. തികച്ചും നിരുത്തരവാദപരമായ കാര്യമാണത്. ദൈവത്തില്‍ വിശ്വാസമുണ്ടെന്നും ദൈവം രക്ഷിക്കുമെന്നുമൊക്കെ ആ സ്ത്രീ പറഞ്ഞേക്കാം. പക്ഷെ, ഉത്തരവാദിത്തബോധത്തോടെ പെരുമാറാനുള്ള മാര്‍ഗങ്ങളും ദൈവം കാണിച്ചു തന്നിട്ടുണ്ട്,’ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

ഗര്‍ഭനിരോധന ഉറകള്‍ സ്വാഭാവികമായ മാര്‍ഗമല്ലെന്നും അതിന് പകരം സ്ത്രീകളുടെ ആര്‍ത്തവ ചക്രം നോക്കി ഗര്‍ഭധാരണത്തിന് സാധ്യതിയില്ലാത്ത സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുത്തകയാണ് വേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു.

മാര്‍പാപ്പയുടെ ഈ പ്രസ്താവന സഭയ്ക്കുള്ളില്‍ എതിര്‍പ്പുകളുണ്ടാക്കിയിരുന്നു. അതേസമയം ഗര്‍ഭനിരോധന ഉറകള്‍ സ്വാഭാവികരീതിയല്ലെന്ന് പറഞ്ഞത് വ്യാപക വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.

ഈ പ്രസ്താവനയാണ് ഇപ്പോള്‍ കേരളത്തില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുന്നത്. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സാമ്പത്തിക സഹായമടക്കമുള്ള ആനുകൂല്യങ്ങളാണ് കഴിഞ്ഞ ദിവസം പാലാ രൂപത പ്രഖ്യാപിച്ചത്.

2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നാണ് രൂപതയുടെ പ്രഖ്യാപനം.

ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ മാര്‍ സ്ലീവ മെഡിസിറ്റി പാല സൗജന്യമായി നല്‍കുമെന്നും പാലാ രൂപതയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റില്‍ പറയുന്നു.

പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021 ന്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Pala diocese new steps to increase number of children in family in controversy, Pope Francis’s old speech goes viral

We use cookies to give you the best possible experience. Learn more