പാലാ ഉപതെരെഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് ജോസഫ് വിഭാഗം
പാല: പാലാ ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ വീണ്ടും ഉടക്കി ജോസഫ് വിഭാഗം. ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നതിലുള്ള അതൃപ്തി യു.ഡി.എഫ് നേതൃത്വവുമായി ജോസഫ് വിഭാഗം പങ്കുവെച്ചതായാണ് സൂചന.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് ജോസഫ് വിഭാഗം അറിയിച്ചു. ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. പി.ജെ. ജോസഫിനുകൂടി സമ്മതനായ ആള്‍ക്കേ ചിഹ്നം ലഭിക്കൂവെന്നും രണ്ടില ചിഹ്നത്തില്‍ നിഷ ജോസ് കെ. മാണി മല്‍സരിക്കാന്‍ സാധ്യതയില്ലന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രണ്ടില ചിഹ്നത്തില്‍തന്നെ മല്‍സരിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു. സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ഇന്നുതന്നെ യു.ഡി.എഫിനെ അറിയിക്കും. വൈകിട്ടോടെ പ്രഖ്യാപനമുണ്ടാകുമെന്നും ആശയക്കുഴപ്പമൊന്നുമില്ലെ ന്നും അദ്ദേഹം പറഞ്ഞു.
വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് മാത്രമേ രണ്ടില ചിഹ്നം അനുവദിക്കൂ എന്ന് പി.ജെ. ജോസഫ് പറഞ്ഞിരുന്നു. ഇന്ന് വൈകിട്ട് കോട്ടയത്ത് ചേരുന്ന യു.ഡി.എഫ് നേതാക്കളുടെ യോഗത്തിലും ചിഹ്നം തന്നെയായിരിക്കും ചര്‍ച്ചാവിഷയം.
നിഷാ ജോസ് കെ.മാണി സ്ഥാനാര്‍ഥിയായാല്‍ രണ്ടില ചിഹ്നം നല്‍കില്ലെന്ന് ജോസഫ് വിഭാഗം അറിയിച്ചിരുന്നു. നിഷയെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.
എന്നാല്‍, വോട്ടര്‍ പട്ടികയില്‍ പേരുള്ള നിഷ ജോസ് കെ.മാണിക്ക് സ്ഥാനാര്‍ഥിയാകുന്നതില്‍ തടസമില്ലെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞിരുന്നു.