പാലാ ഉപതെരെഞ്ഞെടുപ്പ്: രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ പറ്റിയില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാന്‍ ജോസ് കെ മാണി വിഭാഗം
പാല: പാലാ ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനര്‍ഥിയെയും ചിഹ്നത്തെയും ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുന്നു. രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്നത് തര്‍ക്കത്തിലായാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാനാണ് ജോസ് കെ മാണിയുടെ നീക്കം.
പി.ജെ ജോസഫിന് വഴങ്ങേണ്ടതില്ലെന്നും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവില്ലെന്നുമാണ് ജോസ് കെ മാണി വിഭാഗത്തിന്റെ പൊതുഅഭിപ്രായം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് നടക്കുന്ന സബ് കമ്മിറ്റി യോഗത്തില്‍ ചിഹ്നം സംബന്ധിച്ച കാര്യത്തില്‍ ധാരണയായില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന നിലപാട് ഇവര്‍ സ്വീകരിച്ചേക്കും. സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിന് നിയമിച്ച തോമസ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയുടെ യോഗം നാലുമണിക്ക് ശേഷമാണ് തുടങ്ങുന്നത്.
സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തര്‍ക്കത്തില്‍ സമവായമുണ്ടാക്കുന്നതിനായി ജോസഫ് വിഭാഗവുമായും ജോസ് കെ മാണി വിഭാഗവുമായും ഇന്ന് യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇരു വിഭാഗവുമായും വൈകീട്ട് അഞ്ചരയ്ക്ക് വെവ്വേറെ കൂടിക്കാഴ്ച നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്കു മാത്രമേ ചിഹ്നം അനുവദിക്കൂവെന്ന് പി.ജെ ജോസഫ് പറഞ്ഞിരുന്നു. യു.ഡി.എഫ് നേതാക്കളുടെ യോഗത്തിലും ചിഹ്നം തന്നെയായിരിക്കും ചര്‍ച്ചാവിഷയം. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം.
എന്നാല്‍, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നു ജോസഫ് വിഭാഗം അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയാ യിട്ടില്ലെന്നു സജി മഞ്ഞക്കടമ്പനും പറഞ്ഞിരുന്നു. പി.ജെ ജോസഫിനുകൂടി സമ്മതനായ ആള്‍ക്കേ ചിഹ്നം ലഭിക്കൂ. രണ്ടില ചിഹ്നത്തില്‍ നിഷ മല്‍സരിക്കാന്‍ സാധ്യതയില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളാ കോണ്‍ഗ്രസ് രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.