അന്ന് സി.എഫ് തോമസ് പറഞ്ഞു- 'ജോമോനെ... ഇതുവരെ പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിച്ചത് പാര്‍ലമെന്ററി കാര്യസമിതിയാണ്. നിന്നെ രാജ്യസഭാ എം.പിയാക്കിയതും അങ്ങനെയാണ്'; ജോസിനെതിരെ പി.ജെ ജോസഫ്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. 54 കൊല്ലം മാണിസാര്‍ പ്രതിനിധീകരിച്ച പാലാ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ വിജയം അനിവാര്യമായിരുന്നു. അത് എന്തുകൊണ്ട് സാധ്യമാകാതെ പോയി എന്ന് യുഡി.എഫ് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘മാണിസാറുള്ളപ്പോള്‍ അംഗീകരിച്ച ഭരണഘടനയില്‍ ഉള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ (ചെയര്‍മാന്‍/വര്‍ക്കിംഗ് ചെയര്‍മാന്‍ എന്നുള്ള ഭാഗം) അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. മാണി സാറിന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് പാര്‍ട്ടിയുടെ ചുമതല. അത് അംഗീകരിക്കാന്‍ ജോസ് കെ മാണി തയ്യാറായില്ല.’
സി.എഫ് തോമസ് പറഞ്ഞിട്ടും ജോസ് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു.
‘ജോമോനെ…. ഇതുവരെ പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിച്ചത് പാര്‍ലമെന്ററി കാര്യസമിതിയാണ്. നിന്നെ രാജ്യസഭാ എം.പിയാക്കിയതും അങ്ങനെയാണ്. അതു തന്നെയാണ് ഇവിടെയും വേണ്ടതെന്ന് സി.എഫ് തോമസ് പറഞ്ഞിരുന്നു.’
എന്നാല്‍ സമവായം നടന്നില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. ഒടുവില്‍ സംസ്ഥാന കമ്മിറ്റി എന്ന് പറയുന്ന ഒരു ആള്‍ക്കൂട്ടത്തെ വിളിച്ചുചേര്‍ത്ത് അദ്ദേഹമാണ് ചെയര്‍മാന്‍ എന്ന് പ്രഖ്യാപിച്ചുവെന്നും ജോസഫ് കുറ്റപ്പെടുത്തി.
‘സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് അധികാരം. ഇക്കാര്യം കോടതി നിരീക്ഷിച്ചിട്ടുമുണ്ട്.’
കെ.എം മാണി സ്വീകരിച്ച കീഴ്‌വഴക്കങ്ങള്‍ ജോസ് തെറ്റിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലായില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോള്‍ ജയസാധ്യതയും സ്വീകാര്യതയും മാനദണ്ഡമാക്കണമെന്നാണ് ജോസ് പറഞ്ഞത്. ഞങ്ങള്‍ അന്വേഷിക്കാം, യു.ഡി.എഫും അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മാണി സാറിനെതിരെ പരസ്യമായി രംഗത്ത് വന്നയാളെ തന്നെ ജോസ് സ്ഥാനാര്‍ത്ഥിയാക്കിയെന്നും ജോസഫ് പറഞ്ഞു. പ്രതിച്ഛായ എന്ന പത്രത്തില്‍ പരുഷമായ ഭാഷയില്‍ എന്നെ വിമര്‍ശിച്ചു.
‘മധ്യസ്ഥ സാധ്യത ലംഘിച്ച് സ്വയം ചെയര്‍മാനായി അവരോധിക്കപ്പെട്ടത് ആരാണ്?,ചിഹ്നമില്ലെങ്കിലും ജയിക്കാം എന്ന നിലപാടിലായിരുന്നു അവര്‍, ആരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് യു.ഡി.എഫ് പരിശോധിക്കണം’- പി.ജെ ജോസഫ് പറഞ്ഞു.