കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് ഫലം കൂടുതല്‍ ഉത്തരവാദിത്വമാണ് എല്‍.ഡി.എഫിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അരനൂറ്റാണ്ടിലധികമായി ഞങ്ങള്‍ വിജയിക്കാതിരിക്കുന്ന ഒരു മണ്ഡലമാണ് അത്. യു.ഡി.എഫിന്റെ ശക്തികേന്ദ്രമാണെന്ന് അവര്‍ വിശ്വസിക്കുന്ന മണ്ഡലം. തൊട്ടുമുന്നില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം യു.ഡി.എഫിന് നേടാന്‍ കഴിഞ്ഞ ഒരു മണ്ഡലം കൂടിയാണ് അത്. 34000 മോ മറ്റോ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.’
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പാലാ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ നിങ്ങള്‍ തന്നെ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്. അന്ന് ഞാന്‍ പറഞ്ഞ മറുപടിയുണ്ട്. നിങ്ങള്‍ ചോദിച്ചത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലയിരുത്തലാകുമോ എന്നായിരുന്നു. ഞാന്‍ അന്ന് പറഞ്ഞത് ഏത് തെരഞ്ഞെടുപ്പും നിലവിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തുന്നതാണ് എന്നതായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങള്‍ നല്ല ഫലം പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞത് ഞങ്ങള്‍ക്ക് ജനങ്ങളില്‍ നല്ല വിശ്വാസമുണ്ടായിരുന്നുതുകൊണ്ടാണ്. നമ്മുടെ കേരളത്തില്‍ ചിലര്‍ എല്‍.ഡി.എഫിനെ ജനങ്ങള്‍ കൈയൊഴിഞ്ഞിരിക്കുകയാണ് എന്നൊരു പ്രതീതി ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നുമല്ല യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായത് ഒരു പ്രത്യേക സാഹചര്യമാണ്. ആ സാഹചര്യത്തിന്റെ ഭാഗമായി ഞങ്ങള്‍ക്ക് തിരിച്ചടിയുണ്ടായതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സംസ്ഥാന കാര്യങ്ങളെക്കുറിച്ച് വിലയിരുത്തുമ്പോള്‍ യു.ഡി.എഫ് സംസ്ഥാനത്തിന് പറ്റിയതല്ല എന്ന പൊതുബോധം കേരളത്തിലെ ജനങ്ങള്‍ക്കാകെയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വിധി. അത് പൂര്‍ണ്ണതയിലെത്തണമെങ്കിലും തുടരണമെങ്കിലും എല്‍.ഡി.എഫ് തന്നെ വേണമെന്ന് മഹാഭൂരിപക്ഷം ജനങ്ങളും ചിന്തിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ആ ജനങ്ങളില്‍ തന്നെയായിരുന്നു വിശ്വാസം.
ഈ വിധി ഞങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയാണ്. ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം കൂടുതല്‍ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണം എന്ന സന്ദേശമാണ് പാലായിലെ വോട്ടര്‍മാര്‍ ഈ വിധിയിലൂടെ നല്‍കിയിരിക്കുന്നത- മുഖ്യമന്ത്രി പറഞ്ഞു.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഈ ട്രെന്‍ഡ് നിലനില്‍ക്കുമോ എന്ന ചോദ്യത്തിന് അഞ്ച് ഉപതെരഞ്ഞെടുപ്പിന്റേത് മാത്രമല്ല, കേരളത്തിന്റേയാകെ സൂചനയായി കണക്കാക്കിയാല്‍ മതി,. ഇതാണ് കേരളത്തിന്റെ യാഥാര്‍ത്ഥ്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.