കൊച്ചി: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. കൊച്ചി കെ.സി.ബി.സി ആസ്ഥാനത്തേക്കാണ് കൗണ്‍സില്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
പാലാ ബിഷപ്പ് ചില മെത്രാന്മാരുടെ താത്പര്യ പ്രകാരം ഈ സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നേതാവ് ഫെലിക്‌സ് ജെ. പുല്ലൂടന്‍ പറഞ്ഞു.
‘ആ ശ്രമം തിരുത്തപ്പെടണമെന്ന് മുഴുവന്‍ ക്രൈസ്തവരും ആഗ്രഹിക്കുന്നു. സ്വന്തം രൂപതയില്‍ പോലും ബിഷപ്പിനോട് വിയോജിപ്പുണ്ട്,’ പുല്ലൂടന്‍ പറഞ്ഞു.
എത്രയും പെട്ടെന്ന് ബിഷപ്പ് വിവാദ പരാമര്‍ശം പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് പറയണം. അല്ലെങ്കില്‍ മെത്രാന്മാരെ വഴിയില്‍ തടയുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
വിഷയം വിവാദമായതിന് പിന്നാലെ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു.
കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന് മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.
എന്നാല്‍ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ തേലക്കാട്ട് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.