| Sunday, 1st August 2021, 2:53 pm

സഭയുടെ പ്രസവാഹ്വാനങ്ങള്‍ക്ക് പിന്നിലെ താത്പര്യങ്ങള്‍ | പി.ജെ. ജെയിംസ്

പി.ജെ ജെയിംസ്

കത്തോലിക്കാ മാതാപിതാക്കള്‍ കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിക്കണമെന്ന ആഹ്വാനവുമായി സിറിയന്‍ കത്തോലിക്കാ (സീറോ മലബാര്‍) സഭയിലെ പാലാ രൂപത (Family Apostolate of the Pala Diocese) രംഗത്തു വന്നത് സോഷ്യല്‍ മീഡിയയിലും മറ്റും നിരവധി ട്രോളുകള്‍ക്ക് വഴി വെച്ചതൊഴിച്ചാല്‍, കാര്യമായ വിലയിരുത്തലുകളൊന്നും കാണുകയുണ്ടായില്ല.

‘മുയലുകളെ പോലെ കുട്ടികളെ പെറ്റു കൂട്ടുന്നതിനുപകരം, അവരെ മാന്യമായി വളര്‍ത്തുകയാണു വേണ്ടതെന്ന്’ പറഞ്ഞ കത്തോലിക്കാ സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിട്ടുള്ള ‘കുടുംബ വര്‍ഷം 2021’ ആചരണമാണ് ഈ ആവശ്യവുമായി രംഗത്തു വരാന്‍ പാലാ രൂപതക്കു സൗകര്യമായതെന്ന് പറഞ്ഞു കേള്‍ക്കുന്നു. അതിന്‍ പ്രകാരം 4 നു മുകളില്‍ കുട്ടികള്‍ ഉള്ള ദമ്പതികള്‍ക്ക് 1500 രൂപയും സൗജന്യ പ്രസവ ചികിത്സയും സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പാനുകൂല്യങ്ങളും പാലാ രൂപത വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത ദിവസം പള്ളികളില്‍ ഇടയലേഖനമായി ഇതു വായിക്കപ്പെടുമെന്നും പറഞ്ഞു കേള്‍ക്കുന്നു.

ഇതിന്റെ ഭാഗമായി, കുട്ടികള്‍ക്കു ജന്മം നല്‍കി ദൈവത്തിന്റെ സൃഷ്ടി കര്‍മ്മത്തില്‍ മാതാപിതാക്കള്‍ പങ്കാളികളാകണമെന്ന് പാലാ മെത്രാന്‍ കല്ലറങ്ങാട്ട് പ്രത്യേകമായ ആഹ്വാനവും നല്‍കിക്കഴിഞ്ഞു. സീറോ മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം, പാലാ രൂപതയുടെ മാത്രം സമീപനമല്ല ഇത്. ആണ്‍കുട്ടികള്‍ 25 വയസ്സിനു മുമ്പും പെണ്‍കുട്ടികള്‍ 23നു മുമ്പും വിവാഹം കഴിച്ചിരിക്കണമെന്ന നിര്‍ദ്ദേശം താമരശ്ശേരി രൂപത സഭാംഗങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.

പാല രൂപതയുടെ ഫേസ്ബുക് പേജില്‍ വന്ന പോസ്റ്റര്‍. വിവാദമായതിന് പിന്നാലെ ഇത് നീക്കം ചെയ്യുകയുണ്ടായി.

2019 ലെ ഒരു ഇടയ ലേഖനത്തില്‍, കത്തോലിക്കര്‍ക്കിടയില്‍ സന്താനോല്പാദനം കുറയുന്നത് ‘ഭയപ്പെടുത്തുന്ന സാഹചര്യം’ എന്നാണ് ചങ്ങനാശ്ശേരി അതിരൂപത വിശേഷിപ്പിച്ചത്. ഇടുക്കി ബിഷപ്പാകട്ടെ ഒരു പടി കൂടി കടന്ന്, കുട്ടികളെ ജനിപ്പിക്കാന്‍ മത്സര ബുദ്ധി കാണിക്കണമെന്ന് ആഹ്വാനം ചെയ്തതോടൊപ്പം, ദമ്പതികള്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തു.

കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ആവിഷ്‌കരിച്ചിട്ടുള്ള ‘വലിയ കുടുംബം’ എന്ന പദ്ധതിയുടെ ഭാഗമാണ് ബന്ധപ്പെട്ട മെത്രാന്മാരുടെ ഈ ആഹ്വാനങ്ങള്‍ എന്നാണ് സഭാ വൃത്തങ്ങളില്‍ നിന്നറിയുന്നത്. ക്രൈസ്തവ സഭക്കാകട്ടെ, പ്രോലൈഫ് മിനിസ്ട്രി എന്ന പേരില്‍ ഒരു സംവിധാനം തന്നെ ഇതിനായി പ്രാബല്യത്തിലുണ്ട്. ഇതെഴുതുമ്പോള്‍, പാലാ രൂപതയുടെ പാത പിന്തുടര്‍ന്ന്, മലങ്കര സഭയുടെ കീഴില്‍ വരുന്ന പത്തനംതിട്ട രൂപത നാലോ അതില്‍ കൂടുതലോ കുട്ടികളെ ജനിപ്പിക്കുന്ന സഭയിലെ ദമ്പതികള്‍ക്ക് മാസം 2000 രൂപ നല്‍കുമെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍, ഇപ്രകാരമുള്ള ആഹ്വാനങ്ങള്‍ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടു മാത്രമല്ല ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ കേന്ദ്രങ്ങളും സമാനമായ ആഹ്വാനങ്ങള്‍ നടത്തുന്നുണ്ട്. ബദരി ആശ്രമത്തിലെ ശങ്കരാചാര്യന്‍ ശ്രീ വാസുദേവാനന്ദ് സരസ്വതി അവശ്യപ്പെടുന്നത് ഹൈന്ദവ ദമ്പതികള്‍ ചുരുങ്ങിയത് പത്തു കുട്ടികളെയെങ്കിലും ഉല്പാദിപ്പിക്കണമെന്നാണ്. ലോക വ്യാപകമായി മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, ഹൈന്ദവ ദമ്പതികള്‍ സന്താനോല്പാദനം വര്‍ധിപ്പിക്കണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്.

മോഹന്‍ ഭഗവത്‌

തീര്‍ച്ചയായും, ഇപ്രകാരം ‘ക്രിസംഘികള്‍’ ( ക്രിസ്ത്യന്‍ – സംഘപരിവാര്‍ വിഭാഗങ്ങള്‍) കുട്ടികളെ ജനിപ്പിക്കാനുള്ള മത്സര ബുദ്ധി പ്രത്യക്ഷവും പരോക്ഷവുമായി പ്രകടിപ്പിക്കുന്നത് മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് എന്നും, കേരളത്തിലത് പ്രത്യേകിച്ചും മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ച് ശക്തിപ്പെട്ട വിഷലിപ്തമായ ‘ലൗ ജിഹാദ്’ കാമ്പയിനും മറ്റുമായി ഇഴുകിച്ചേര്‍ന്നാണ് എന്നും സുവ്യക്തമാണ്.

പൗരത്വ നിഷേധമടക്കമുള്ള ഫാസിസ്റ്റ് നീക്കങ്ങള്‍ക്ക് ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ വിധേയരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ക്രിസംഘികളുടേതുപോലെ സമാനമായ ആവശ്യം പരസ്യമായി ഉന്നയിക്കാവാനാവാത്ത സ്ഥിതിയിലാണ് മുസ്‌ലിം മത നേതൃത്വമെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇതിനിടയിലാണ് ഉത്തര്‍പ്രദേശില്‍ രണ്ടു കുട്ടികള്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലിയും തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വവും നിഷേധിക്കുന്ന നിയമ നീക്കങ്ങള്‍ക്ക് യോഗി സര്‍ക്കാര്‍ കരു നീക്കം നടത്തുന്നത്.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (NFHS-2) പ്രകാരം, 1998-99 നും 2015-16 നുമിടയില്‍, ഹിന്ദു സ്ത്രീകളുടെ ഗര്‍ഭധാരണകാലത്തെ ശരാശരി കുട്ടികളുടെ എണ്ണം (TFR) 1.2 കണ്ടു കുറഞ്ഞപ്പോള്‍, മുസ്‌ലിം സ്ത്രീകളുടേത് 1.66 കണ്ടു കുറഞ്ഞ പശ്ചാത്തലത്തിലാണ്, യോഗിയുടെ ഈ നീക്കം.

യോഗി ആദിത്യനാഥ്

അതായത്, മുസ്‌ലിം ജനസംഖ്യാ വര്‍ദ്ധനവ് എന്ന ‘സത്യാനന്തര’ (post-truth) പ്രചരണത്തിന്റെ മറവില്‍ പൊതു ലക്ഷ്യം പങ്കിടുന്നതിന്റെ ഭാഗമായിട്ടാണ്, സന്താനോല്പാദന വര്‍ധനവ് എന്ന ആഹ്വാനവുമായി സംഘപരിവാറും സവര്‍ണ്ണ ക്രിസ്ത്യന്‍ കേന്ദ്രങ്ങളും വിവിധ രൂപങ്ങളില്‍ രംഗത്തുവന്നിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം, മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യമിട്ട സച്ചാര്‍ കമീഷന്‍ നിര്‍ദ്ദേശം അട്ടിമറിച്ച് അതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ മുസ്‌ലിം – ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ജനസംഖ്യാനുപാതികമാക്കിയ പിണറായി സര്‍ക്കാര്‍ നടപടിയാണ് ഇപ്പോള്‍ ഇപ്രകാരം കൂടുതല്‍ കുട്ടികളെ ഉല്പാദിപ്പിക്കാനുള്ള ആഹ്വാനം പുറപ്പെടുവിക്കാന്‍ ക്രൈസ്തവ മത നേതൃത്വത്തെ പ്രാപ്തമാക്കിയതെന്ന് കാണുന്നതും യുക്തിസഹമാണ്.

എന്നാലതേ സമയം, നിയമ വ്യവസ്ഥ നിലനില്‍ക്കുന്നുവെങ്കില്‍, സന്താനോല്പാദനവുമായി ബന്ധപ്പെട്ട ഇമ്മാതിരി തീട്ടുരങ്ങള്‍ പുറപ്പെടുവിക്കാന്‍ സ്ത്രീ വിരുദ്ധ, പരുഷാധിപത്യ മതപൗരോഹിത്യങ്ങള്‍ക്ക് ഒരു തരത്തിലും അവസരമുണ്ടായിക്കൂടാ. കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും സാമൂഹ്യ പുരോഗതിക്കും ജനക്ഷേമത്തിനും സര്‍വോപരി സ്ത്രീകളുടെ ഉന്നമനത്തിനും അനുപേക്ഷണീയമാണെന്ന തിരിച്ചറിവാണ് ഇതിനു കാരണം.

മാതൃ-ശിശു മരണം, ശൈശവ രോഗങ്ങള്‍, പോഷകാഹാരക്കുറവ്, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയവ നേരിടുന്ന രാജ്യത്ത്, ജീര്‍ണ്ണിച്ച മത മേധാവികള്‍ കുട്ടികളുടെ എണ്ണം നിര്‍ണയിക്കുന്നത് അനുവദിച്ചു കൊടുക്കാനാവില്ല. കേരളത്തിന്റെ ഭൂമിയും വിദ്യാഭ്യാസ – ആരോഗ്യാദികളും മറ്റും കയ്യടക്കിയിട്ടുള്ള, പട്ടികജാതി-പട്ടികവര്‍ഗ്ഗ ജന വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി അവകാശപ്പെട്ട പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ കവര്‍ന്നെടുത്തിട്ടുള്ള പ്രതിലോമ ശക്തികളുടെ താല്പര്യങ്ങള്‍ക്കുവേണ്ടി, അവര്‍ വെച്ചു നീട്ടുന്ന നക്കാപ്പിച്ച കൈപ്പറ്റി കുട്ടികളെ ജനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതും പൗര സമൂഹം അതു കേള്‍ക്കേണ്ടി വരുന്നതും എത്ര അപമാനകരമാണെന്ന് ആലോചിച്ചു നോക്കൂ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pala archdiocese – fb post –  PJ James writes

പി.ജെ ജെയിംസ്

സി.പി.ഐ എം.എൽ റെഡ്സ്റ്റാർ പോളിറ്ബ്യുറോ മെമ്പർ, സാമ്പത്തിക വിദഗ്ദ്ധൻ.

We use cookies to give you the best possible experience. Learn more