| Saturday, 6th August 2022, 12:44 pm

എന്തൊരു വിവേചനമാടോ? ബാബറിനെയടക്കമുള്ള പാകിസ്ഥാന്‍ താരങ്ങളെ തഴഞ്ഞ് ഐ.പി.എല്‍ ടീമുടമകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റില്‍ രാഷ്ട്രീയമോ മതമോ ജാതിയോ ഒന്നുമില്ല, അതൊരു ഗെയിമാണ്. എന്നാല്‍ പലപ്പോഴും ഗെയിമില്‍ രാജ്യങ്ങള്‍ തമ്മിലുള്ള പൊളിറ്റിക്‌സ് ഉള്‍പ്പെടാറുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ആരാധകരും ക്രിക്കറ്റ് ലോകവും കാണുന്നത് അത്തരത്തിലുള്ള ഒരു വികാരത്തിലാണ്.

ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് കാരണം ഐ.പി.എല്ലില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് സാധിക്കാറില്ല. പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് ഐ.പി.എല്ലില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്.

ഇനി വരാന്‍ പോകുന്ന യു.എ.ഇ ലീഗിലും, ദക്ഷിണാഫ്രിക്കന്‍ ലീഗിലും ഐ.പി.എല്‍ ടീമുടമകള്‍ ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ലീഗുകളിലും പാക് താരങ്ങള്‍ പങ്കടുക്കുമോ എന്ന കാര്യം സംശയത്തിലാണ്.

ഇന്ത്യന്‍ ആരാധകരുടെ വികാരം വ്രണപ്പെടാതിരിക്കാന്‍ പാകിസ്ഥാന്‍ താരങ്ങളെ ഉള്‍പ്പെടുത്താന്‍ താലപര്യപ്പെടുന്നില്ലെന്ന് ഒരു ഐ.പി.എല്‍ ടീമുടമ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം പാകിസ്ഥാന്റെ ലോകോത്തര താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്ക് ഈ ലീഗില്‍ കളിക്കാനുള്ള അവസരം നഷ്ടപ്പെട്ടേക്കും.

‘ഞങ്ങള്‍ക്ക് പാകിസ്ഥാന്‍ കളിക്കാരെ ആവശ്യമില്ല. എന്‍.ഒ.സി ബോര്‍ഡുമായി ചര്‍ച്ച നടത്തുന്നത് ബുദ്ധിമുട്ടാണ്. പിന്നെ പാക് താരങ്ങളെ കളിപ്പിച്ചാല്‍ ഇന്ത്യയില്‍ തിരിച്ചടി ലഭിക്കും. പാകിസ്ഥാന്‍ കളിക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി കളിക്കുമ്പോള്‍ ഇന്ത്യയിലെ ഒരു ആരാധകനും സന്തോഷിക്കുമെന്ന് ഞാന്‍ കരുതുന്നില്ല,’ യുഎഇ, ദക്ഷിണാഫ്രിക്ക എന്നീ രണ്ട് ലീഗുകളിലെയും ടീമുകളുള്ള ഒരു ഫ്രാഞ്ചൈസി ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു.

അയല്‍രാജ്യത്ത് നിന്നുള്ള ഒരു കളിക്കാരനെയും യു.എ.ഇ ലീഗിലേക്ക് പരിഗണിക്കുന്നില്ലെന്ന് മറ്റൊരു ഐ.പി.എല്‍ ഫ്രാഞ്ചൈസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

“വലിയ നിക്ഷേപം ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ടീമിന് ഒരുപാട് കടമകളുണ്ട്. നാട്ടിലുള്ള ആരാധകരുടെ വികാരം വ്രണപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ല. പാകിസ്ഥാന്റെ ഒരു കളിക്കാരനെയും പിന്തുടരേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ട്വന്റി-20യില്‍ അവര്‍ക്ക് ചില മികച്ച കളിക്കാര്‍ ഉണ്ട്, പക്ഷേ അത് ഞങ്ങളെ താല്‍പര്യപ്പെടുത്തുന്നില്ല, ”ഫ്രാഞ്ചൈസി ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ് സ്‌പോര്‍ടിനോട് പറഞ്ഞു.

ഇന്ത്യയില്‍ പോലും നടക്കാത്ത ലീഗുകളില്‍ പാകിസ്ഥാന്‍ താരങ്ങളെ കളിപ്പിക്കാത്തത് ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് വിലക്കുവെക്കുന്നതാണ്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ട്വന്റി-20 താരങ്ങളുള്ള ടീമുകളിലൊന്നാണ് പാകിസ്ഥാന്റെ പച്ചപ്പട. ആദം ഗില്‍ക്രിസ്റ്റ് നേരത്തെ സൂചിപ്പിച്ചത് പോലെ ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ ക്രിക്കറ്റിനെ കുത്തകവല്‍ക്കരിക്കുന്നു എന്ന നിലയിലേക്കാണ് പോകുന്നത്.

അതേസമയം കരാറില്ലാത്ത ഇന്ത്യന്‍ താരങ്ങളെ വിദേശ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ ബി.സി.സി.ഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Content Highlights: Paksitan players is not Allowed to participate in UAE and CSA leagues

We use cookies to give you the best possible experience. Learn more