ലാഹോര്‍: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം. പതിനൊന്നോളം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് ഇമ്രാന്‍ ഖാനെ ജനകീയ പ്രക്ഷോഭത്തിലൂടെ ഭരണത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കിയത്.
പാക് പ്രധാനമന്ത്രിയെ പുറത്താക്കാന്‍ അടുത്ത മാസത്തോടെ മഹാറാലിയുള്‍പ്പെടെ വിവിധ പ്രക്ഷോഭ പരിപാടികള്‍ക്കാണ് പ്രതിപക്ഷം പദ്ധതിയിടുന്നത്. കഴിഞ്ഞ ദിവസം ഇതിന്റെ തുടക്കമെന്ന രീതിയില്‍ നടത്തിയ റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ് അന്തരാഷ്ട്ര മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വന്നത്.
പതിനൊന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കുന്ന പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് സെപ്തംബറിലാണ് രൂപികരിക്കുന്നത്. അന്ന് മുതല്‍ ഖാനെ പുറത്താക്കാനും രാഷ്ട്രീയത്തിലെ മിലിറ്ററിയുടെ ഇടപെടല്‍ ഇല്ലാതാക്കാനും നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
” ചര്‍ച്ചയ്ക്കുള്ള സമയം കഴിഞ്ഞു. ഇനി ഒരു മഹാറാലിയാണ് ഉണ്ടാവുക,” അന്തരിച്ച പാക് പ്രധാമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കെതിരെയുള്ള അഴിമതി കേസുകളുമായി ബന്ധപ്പെട്ട നടപടി മരവിപ്പിക്കാന്‍ തന്നെ ഭീഷണിപ്പെടുത്താനാണ് നിലവില്‍ ഒരു റാലി സംഘടിപ്പിക്കുന്നതിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കഴിഞ്ഞ മാസങ്ങളില്‍ മാത്രം ആറോളം റാലികളാണ് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ പാകിസ്താനില്‍ നടന്നത്. പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 2023ലാണ് അടുത്ത തെരഞ്ഞെടുപ്പ്.