| Friday, 7th September 2018, 3:42 pm

യുദ്ധങ്ങളില്‍ പാക്കിസ്ഥാന്‍ ഇനി പങ്കാളിയാവില്ല: ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമാബാദ്: മറ്റു രാജ്യങ്ങള്‍ നടത്തുന്ന യുദ്ധങ്ങളില്‍ പാക്കിസ്ഥാന്‍ ഇനി പങ്കാളിയാവില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റാവല്‍പിണ്ടിയില്‍ സൈനിക ആസ്ഥാനത്തു നടന്ന രക്തസാക്ഷി ദിന പരിപാടിയിലാണ് ഇമ്രാന്‍ ഖാന്‍ നിലപാട് വ്യക്തമാക്കിയത്.

തീവ്രവാദത്തിനെതിരായ പോരാട്ടം സമ്മാനിച്ച യാതനകളേയും നാശങ്ങളേയും കുറിച്ച് സംസാരിക്കുമ്പോഴാണ് മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് നടത്തുന്ന യുദ്ധങ്ങളില്‍ ഭാവിയില്‍ പാക്കിസ്ഥാന്‍ പങ്കാളിയാകില്ലെന്ന് ഇമ്രാന്‍ വ്യക്തമാക്കിയത്.

തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന്‍ സൈന്യത്തെപ്പോലെ പോരാട്ടം നടത്തിയ മറ്റൊരു സേന ലോകത്തില്ല. എല്ലാതരം ഭീഷണികളേയും മറികടന്ന് പാക്കിസ്ഥാനെ സുരക്ഷിതമാക്കാന്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും വഹിക്കുന്ന പങ്കു സമാനതകളില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


തുടക്കം മുതലേ താന്‍ യുദ്ധങ്ങള്‍ക്ക് എതിരായിരുന്നുവെന്നും രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്നതാകും തന്റെ വിദേശ നയമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനാ പ്രമേയങ്ങള്‍ക്കനുസരിച്ചുള്ള കശ്മീര്‍ പ്രശ്‌ന പരിഹാരം ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണെന്നും കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ ഇന്ത്യ നടത്തുന്നതായി പറയപ്പെടുന്ന ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലോക രാജ്യങ്ങള്‍ തയാറാകണമെന്ന ആവശ്യവും പാക്ക് പ്രധാനമന്ത്രി മുന്നോട്ടുവച്ചു.

We use cookies to give you the best possible experience. Learn more