സര്‍ദാരിക്കെതിരെ നടപടിയെടുക്കാന്‍ പാക് പ്രധാനമന്ത്രിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം
World
സര്‍ദാരിക്കെതിരെ നടപടിയെടുക്കാന്‍ പാക് പ്രധാനമന്ത്രിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th June 2012, 3:44 pm

ഇസ്‌ലാമാബാദ് : പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസ് പുനരന്വേഷിക്കുന്നതില്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി പാക്ക് പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫിനോട് നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് നസീര്‍ അല്‍ മുല്‍കിറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് പ്രധാനമന്ത്രിയോട് നിലപാട് 12 ദിവസത്തിനുള്ളില്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ പ്രധാനമന്ത്രി സര്‍ദാരിക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി ലഘു വിധിന്യായത്തില്‍ പറയുന്നു.

ആസിഫ് അലി സര്‍ദാരിക്കെതിരെ നടപടിയെടുക്കാന്‍ സ്വിസ് സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കാത്തതിന്റെ പേരിലാണ് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി സ്ഥാനഭ്രഷ്ടനായത്.

എന്നാല്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും സര്‍ദാരിയുടേയും വിശ്വസ്തനായ രാജ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം എത്രമാത്രം അനുസരിക്കുമെന്നത് വരും ദിവസങ്ങളിലേ മനസ്സിലാകുകയുള്ളൂയെന്നാണ് പാക്കിസ്ഥാനിലെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തീരുമാനം അനുസരിച്ചില്ലെങ്കില്‍ ഗിലാനിയുടെ ഗതി രാജയ്ക്കു വരുമോയെന്നും കണ്ടറിയേണ്ടതാണ്.