| Friday, 15th September 2023, 11:16 am

ബൗളിങും ഫീൽഡിങും മോശം; തോൽവിയുടെ കാരണങ്ങൾ നിരത്തി പാക് നായകൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരെയുള്ള പാകിസ്ഥാന്റെ തോൽവിക്ക് പിന്നാലെ അതിനുള്ള കാരണം വ്യക്തമാക്കി പാക് നായകൻ ബാബർ അസം. തങ്ങളുടെ ബൗളിങും ഫീൽഡിങ്ങും കാരണമാണ് പാകിസ്ഥാൻ തോറ്റതെന്നാണ് പാക് ക്യാപ്റ്റൻ പറഞ്ഞത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ ഡക്ക്-വർത്ത്-ലൂയിസ്-സ്റ്റേൺ നിയമപ്രകാരം രണ്ട് വിക്കറ്റുകൾക്ക് തോൽപിച്ചുകൊണ്ട് ശ്രീലങ്ക ഏഷ്യാ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നു.

 ‘ബൗളിങ്ങിലും ഫീൽഡിങ്ങിലും ഞങ്ങൾ മികവ് പുലർത്തിയില്ല. ഞങ്ങൾ നന്നായി ആരംഭിച്ചു, നന്നായി അവസാനിച്ചു, പക്ഷേ മധ്യ ഓവറുകൾ മികച്ചതായിരുന്നില്ല,’ മത്സരശേഷം ബാബർ പറഞ്ഞു.

കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 252 റൺസ് പടുത്തുയർത്തുകയായിരുന്നു. മത്സരം മഴമൂലം 42 ഓവറാക്കി ചുരുക്കിയിരുന്നു.

73 പന്തിൽ 86 റൺസ് നേടി മുഹമ്മദ് റിസ്‌വാനും 69 പന്തിൽ 52 റൺസും നേടി അബ്ദുല്ല ഷഫീഖും ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

ശ്രീലങ്കക്ക് വേണ്ടി മതീഷ പാതിരാന മൂന്ന് വിക്കറ്റും പ്രമോദ് രണ്ട് വിക്കറ്റും നേടിക്കൊണ്ട് മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 87 പന്തിൽ 91 റൺസ് നേടിയ കുശാൽ മെൻഡീസിന്റെയും 51 പന്തിൽ 48 റൺസെടുത്ത സദീര സമരവിക്രമയുടെയും 47 പന്തിൽ പുറത്താവാതെ നേടിയ 49 റൺസ് നേടിയ ദുനിത് വെല്ലലഗെയുടെയും മികവിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.

പാകിസ്ഥാന് വേണ്ടി ഇഫ്തിക്കർ ഹമീദ് മൂന്ന് വിക്കറ്റും ഷഹീൻ അഫ്രീദി രണ്ട് വിക്കറ്റും നേടിയെങ്കിലും പാകിസ്ഥാന് വിജയം നേടിക്കൊടുക്കാൻ ഇവർക്ക് കഴിഞ്ഞില്ല. പാക് നിരയിലെ പ്രധാന ഫാസ്റ്റ് ബൗളർമാരായ നസീം ഷായും ഹാരിസ് റൗഫും പരിക്കുമൂലം പുറത്തായതും ടീമിന് തിരിച്ചടിയായി.

സെപ്‌റ്റംബർ 17 ന് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.

Content Highlight: Pakistan captain Babar Azam said that the reason for the defeat against Sri Lanka was bad bowling and fielding

We use cookies to give you the best possible experience. Learn more