ഞാൻ ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടിയത് അവനെതിരെ; തുറന്ന് പറഞ്ഞ് ഷദാബ് ഖാൻ
Cricket
ഞാൻ ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടിയത് അവനെതിരെ; തുറന്ന് പറഞ്ഞ് ഷദാബ് ഖാൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd October 2023, 3:18 pm

നീണ്ട ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീം ഇന്ത്യൻ മണ്ണിലെത്തിയിരിക്കുകയാണ്. പാക് ടീമിനും താരങ്ങൾക്കും ഉജ്ജ്വല സ്വീകരണമാണ് ഇന്ത്യയിൽ നിന്നും ലഭിച്ചത്.

ഇപ്പോഴിതാ ലോകകപ്പ്‌ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യൻ നായകൻ രോഹിത് ശർമയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ സ്പിന്നർ ഷദാബ് ഖാൻ.

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ബാറ്റർ രോഹിത്താണെന്നും താൻ ബൗൾ ചെയ്യാൻ ഏറെ ബുദ്ധിമുട്ടിയത് രോഹിതിനെതിരെയാണെന്നുമാണ് ഷദാബ് പറഞ്ഞത്.

‘ഞാൻ രോഹിത് ശർമയെ വളരെയധികം ആരാധിക്കുന്നു. ലോകത്തിലെ പ്രധാന ബാറ്റർമാരിൽ ഞാൻ ബൗൾ ചെയ്യാൻ ഏറെ ബുദ്ധിമുട്ടിയത് രോഹിതിനെതിരെയാണ്. അവൻ ഗ്രീസിൽ സെറ്റായാൽ വളരെ അപകടകാരിയായി മാറും. ഷദാബ് സ്പോർട്സ് കീഡയോട് പറഞ്ഞു.

രോഹിത് ശർമയുടെ കീഴിൽ സമീപകാലത്ത്‌ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മികച്ച ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പും അതിനുശേഷമുള്ള ഓസ്ട്രേലിയൻ പരമ്പരയും ഇന്ത്യ രോഹിതിന്റെ നേതൃത്വത്തിൽ സ്വന്തമാക്കിയിരുന്നു.

ഈ വിജയങ്ങളുടെയെല്ലാം ആത്മവിശ്വാസത്തോടെയാണ് രോഹിതും സംഘവും സ്വന്തം തട്ടകത്തിൽ കിരീടപോരട്ടത്തിനായി കളത്തിലിറങ്ങുന്നത്.

രോഹിത് ശർമ ക്യാപ്റ്റൻസിക്ക് പുറമെ ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രോഹിതിന് പുറമെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപിടി മികച്ച താരങ്ങളുള്ളതാണ് ഇന്ത്യൻ ടീമിന്റെ കരുത്ത്‌.

 

നീണ്ട 12 വർഷത്തിന് ശേഷം വീണ്ടുമൊരു ലോകകപ്പ്‌ കൂടി ഇന്ത്യയിലെത്തുമ്പോൾ ധോണിക്ക് ശേഷം രോഹിത്തിനും ലോകകപ്പ്‌ സ്വന്തമാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ലോകകപ്പിൽ ഒക്ടോബർ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ചെന്നൈ ചിദംബരം സ്റ്റേഡിയമാണ് വേദി.

Content Highlight: Pakisthan spinner Shadab khan praises Rohit sharama.