| Wednesday, 27th February 2019, 7:02 pm

'ആള്‍ക്കൂട്ടത്തില്‍ നിന്നും പാക് സൈന്യം എന്നെ രക്ഷപ്പെടുത്തി, എന്നെ നന്നായി പരിചരിച്ചു'; വ്യോമസേന വിങ് കമാന്‍ഡറുടെ പുതിയ വീഡിയോ പാകിസ്ഥാന്‍ പുറത്തുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: അതിര്‍ത്തിയിലെ പാക് വ്യോമാക്രമണത്തെ ചെറുക്കുന്നുതിനിടെ വിമാനം തകര്‍ന്ന് വീണ് പാകിസ്ഥാന് പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ വീഡിയോ ദൃശ്യം പാകിസ്ഥാന്‍ സൈന്യം പുറത്തുവിട്ടു.
പാക് മാധ്യമമായ ദ ഡോണ്‍ ആണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. രാജ്യത്ത് വാട്‌സാപ്പടക്കമുള്ള സമൂഹമാധ്യമങ്ങളിലും ദൃശ്യം പ്രചരിക്കുന്നുണ്ട്. ജനീവ കണ്‍വെന്‍ഷന്‍ അനുസരിച്ച് സൈനികനെ പാകിസ്ഥാന്‍ നന്നായി പരിചരിക്കണമെന്ന് ആവശ്യമുയരുന്നതിനിടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.

നിങ്ങളെ പാക് സൈന്യം നന്നായി പരിചരിച്ചുവെന്ന് കരുതുന്നുവെന്ന പാക് മേജറുടെ ചോദ്യത്തിന് അതെ എന്ന് അഭിനന്ദ് മറുപടി നല്‍കുന്നു. ഓണ്‍ ക്യാമറയില്‍ ഇക്കാര്യം പറയുന്നുവെന്നും ഇന്ത്യയിലേക്ക് തിരിച്ചുപോയാല്‍ പ്രസ്താവന താന്‍ തിരുത്തുകയില്ലെന്നും അഭിനന്ദ് പറയുന്നു.

പാക് സൈനിക ഓഫീസര്‍മാര്‍ എന്നെ നന്നായി നോക്കി. ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ക്യാപ്റ്റന്‍ മുതല്‍ എന്നെ കൊണ്ടുപോയ യൂണിറ്റിലെ ഓഫീസര്‍മാര്‍ വരെ നല്ല ആളുകളാണ്.. അഭിനന്ദ് പറയുന്നു.

ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നാണെന്നുള്ള ചോദ്യത്തിന് ദക്ഷിണ ഭാഗത്ത് നിന്നാണെന്ന് സൈനികന്‍ മറുപടി പറയുന്നു. വിവാഹിതനാണെന്നും സൈനികന്‍ പറയുന്നു. ചായ ഇഷ്ടപ്പെട്ടോയെന്ന് ചോദ്യത്തിന് വളരെ നന്നായിരിക്കുന്നുവെന്ന് മറുപടി നല്‍കുന്നു.

ഏത് വിമാനമാണ് പറത്തിയതെന്ന ചോദ്യത്തിന് താന്‍ അത് വെളിപ്പെടുത്തില്ലെന്നും നിങ്ങള്‍ തകര്‍ന്ന വിമാനം കണ്ടിട്ടുണ്ടാവുമല്ലോയെന്നും അഭിനന്ദ് മറുപടി നല്‍കുന്നു. എന്താണ് നിങ്ങളുടെ മിഷന്‍ എന്ന പാക് മേജറുടെ ചോദ്യത്തിനും അഭിനന്ദ് മറുപടി നല്‍കുന്നില്ല.

Latest Stories

We use cookies to give you the best possible experience. Learn more