ന്യൂദല്‍ഹി: പാകിസ്ഥാനില്‍ തടവിലായിരുന്ന 173 ഇന്ത്യന്‍ പൗരന്‍മാരെ ഇന്ത്യക്ക് കൈമാറി. വാഗ അതിര്‍ത്തിയില്‍ വെച്ചാണ് ഇവരെ കൈമാറിയത്. മോചിതരായവരില്‍ 172 പേര്‍ മത്സ്യതൊഴിലാളികളാണ്.
നേരത്തെ അറബിക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെ അതിര്‍ത്തി ലംഘിച്ചതിനായിരുന്നു പാക് സൈന്യം ഇവരെ പിടി കൂടിയിരുന്നത്. മോചിതരായവരില്‍ ഭൂരിപക്ഷം പേരും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരാണ്.
ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ ഉന്നതതല ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇരു രാഷ്ട്രങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പാക് നടപടി.
ഇക്കാര്യത്തില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ പാക് താടവുകാരെ ഇന്ത്യ വിട്ടയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് വിദേശ കാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.
നിലവില്‍ നിരവധി മത്സ്യബന്ധന തൊഴിലാളികളാണ് ഇരു രാജ്യങ്ങളിലും പിടിക്കപ്പെടുന്നത്.കഴിഞ്ഞ മാസം പാകിസ്ഥാന്‍ നാവിക സേന 38ഓളം മത്സ്യ ബന്ധന തൊഴിലാളികളെ പിടികൂടിയിരുന്നു.