ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ഇന്ത്യ മാത്രം അടക്കിവാഴുന്ന ലിസ്റ്റിലേക്ക് പാകിസ്ഥാന്റെ മാസ് എൻട്രി
Cricket
ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ഇന്ത്യ മാത്രം അടക്കിവാഴുന്ന ലിസ്റ്റിലേക്ക് പാകിസ്ഥാന്റെ മാസ് എൻട്രി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd July 2024, 8:04 pm

2024 വിമണ്‍സ് ഏഷ്യ കപ്പില്‍ പാകിസ്ഥാന് തകര്‍പ്പന്‍ വിജയം. യു.എ.ഇയെ പത്ത് വിക്കറ്റുകള്‍ക്കാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 35 പന്തുകളും പത്ത് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. വിമണ്‍സ് ഏഷ്യ കപ്പില്‍ ഇതാദ്യമായാണ് പാകിസ്ഥാന്‍ പത്ത് വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുന്നത്.

ഇതോടെ ഏഷ്യ കപ്പില്‍ പത്ത് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ടീം ആയി മാറാനും പാകിസ്ഥാന് സാധിച്ചു. ഇതിനുമുമ്പ് അഞ്ച് തവണ ഇന്ത്യ പത്ത് വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം പാകിസ്ഥാന്‍ ബൗളിങ്ങില്‍ സാദിയ ഇഖ്ബാല്‍, തുബ ഹസന്‍, നഷ്ര സദ്ധു എന്നിവര്‍ രണ്ടു വീതം വിക്കറ്റും ക്യാപ്റ്റന്‍ നിദാ ദാര്‍ ഒരു വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ എതിര്‍ ടീം തകര്‍ന്നടിയുകയായിരുന്നു.

36 പന്തില്‍ 40 റണ്‍സ് നേടിയ തീര്‍ത്ഥ സതീഷ് ആണ് യു.എ.ഇ നിരയിലെ ടോപ് സ്‌കോറര്‍. അഞ്ച് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 26 പന്തില്‍ 16 റണ്‍സ് നേടി ക്യാപ്റ്റന്‍ ഇഷാ ഒസയും 13 പന്തില്‍ 12 റണ്‍സ് നേടി ഖുഷി ശര്‍മയും മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 10 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

പാകിസ്ഥാന് വേണ്ടി ഗുല്‍ ഫിറോസ 55 പന്തില്‍ പുറത്താവാതെ 62 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 30 പന്തില്‍ 37 റണ്‍സ് നേടിയ മുനീബ അലിയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

വിജയത്തോടെ മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും ഒരു തോല്‍വിയും അടക്കം നാലു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് പാകിസ്ഥാന്‍. മറുഭാഗത്ത് മൂന്നു മത്സരങ്ങളും പരാജയപ്പെട്ട യു.എ.ഇ പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്തുമാണ്.

 

Content Highlight: Pakisthan Historical Win Against UAE in Womens Asia Cup 2024