| Friday, 1st March 2019, 9:24 pm

ആറ് മണിക്കൂര്‍ വൈകിപ്പിച്ചതിന് ശേഷം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഗാ അതിര്‍ത്തി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് പാകിസ്ഥാന്‍ കൈമാറി. ആറു മണിക്കൂറോളം വൈകിപ്പിച്ച ശേഷമാണ് അഭിന്ദനെ ഇന്ത്യയ്ക്ക് കൈമാറുന്നത്. 5.20 ഓടെ അഭിനന്ദനെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയായ വാഗയില്‍ എത്തിച്ചതായും ഇന്ത്യക്ക് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ പാകിസ്ഥാന്‍ വൈകിപ്പിക്കുകയായിരുന്നു എ്ന്നാണ് ഉയരുന്ന ആരോപണം. അഭിനന്ദനെ കൈമാറുന്ന ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ പുറത്തു വിട്ടിരുന്നു.

വിട്ടയക്കുന്നതിന് തൊട്ടുമുമ്പായി പാകിസ്ഥാന്‍ അഭിനന്ദന്റെ പ്രസ്താവന റെക്കോര്‍ഡ് ചെയ്തെന്നും ഇതാണ് വൈകാന്‍ കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അഭിനന്ദന്റെ പുതിയ വീഡിയോ ഡോണ്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.

അഭിനന്ദനെ കൈമാറുന്ന വേളയില്‍ എയര്‍ വൈസ് മാര്‍ഷല്‍മാരായ പ്രഭാകരനും ആര്‍ജികെ കപൂറും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. അഭിനന്ദനെ കൈമാറിയതായി വ്യോമസേനയും ഔദ്യഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അഭിനന്ദനെ തിരികെ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് വ്യോമസേന അറിയിച്ചു. വിമാനത്തില്‍ നിന്ന് താഴേയ്ക്ക് ചാടിയതിനാല്‍ അഭിനന്ദിന് പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്.

അഭിനന്ദന്റെ മാതാപിതാക്കളും അതിര്‍ത്തിയില്‍ ഉണ്ടായിരുന്നു

മൂന്ന് ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് അഭിനന്ദന്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റം നടത്തുകയെന്ന് അറിയിച്ച പാകിസ്ഥാന്‍ പിന്നീട് ഇത് വൈകിപ്പിക്കുകയായിരുന്നു.


മന്‍മോഹനും വാജ്‌പേയിയും മാതൃക; മോദി സ്ഥിതി വഷളാക്കുകയാണ്; വിമര്‍ശനവുമായി റോ മുന്‍ മേധാവി


അഭിനന്ദനെ റാവല്‍ പിണ്ടിയില്‍ നിന്നാണ് ലാഹോറില്‍ എത്തിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് മാര്‍ഗം വാഗാ അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു. വളരെ സുരക്ഷയോടെയാണ് പാക് സൈന്യം വാഗാ അതിര്‍ത്തിയിലേക്ക് കൊണ്ടുവന്നത്. നാലോളം പൈലറ്റ് വാഹനത്തിന്റെ അകമ്പടിയിലാണ് അഭിനന്ദനെ എത്തിച്ചത്.

അതേസമയം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വാഗ അതിര്‍ത്തിയിലെത്തിയില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്നതിന് പ്രതിരോധ രംഗത്തെ കീഴ് വഴക്കം തടസ്സമായതാണ് കാരണം.

അഭിനന്ദനുള്ള സ്വീകരണം കണക്കിലെടുത്ത് വാഗ അതിര്‍ത്തിയിലെ സൈനികരുടെ പതിവ് പ്രദര്‍ശനമായ ബീറ്റിങ് ദ് റിട്രീറ്റ് റദ്ദാക്കിയിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ ഇന്ത്യന്‍ പതാകയുമായി വാഗയില്‍ എത്തിയിരുന്നു.

We use cookies to give you the best possible experience. Learn more