| Sunday, 2nd October 2016, 6:47 pm

തെറ്റായ നയങ്ങള്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നു: പര്‍വേസ് മുഷറഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗോള തലത്തില്‍ ഒറ്റപ്പെടാന്‍ കാരണം പാകിസ്ഥാന്റെ തെറ്റായ നയങ്ങളാണെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്. പാകിസ്ഥാനിലെ സാര്‍ക്ക് സമ്മേളനത്തില്‍ നിന്നും ഭൂരിപക്ഷം രാജ്യങ്ങളും പിന്‍വാങ്ങിയ സാഹചര്യത്തിലാണ് മുഷറഫിന്റെ പ്രസ്താവന.


ഇസ്‌ലാമാബാദ്:  ആഗോള തലത്തില്‍ ഒറ്റപ്പെടാന്‍ കാരണം പാകിസ്ഥാന്റെ തെറ്റായ നയങ്ങളാണെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്. പാകിസ്ഥാനിലെ സാര്‍ക്ക് സമ്മേളനത്തില്‍ നിന്നും ഭൂരിപക്ഷം രാജ്യങ്ങളും പിന്‍വാങ്ങിയ സാഹചര്യത്തിലാണ് മുഷറഫിന്റെ പ്രസ്താവന.

ദ ഡോണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഓള്‍ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ മുഷറഫിന്റെ പ്രസ്താവന.

ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍, മാലെദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ നിന്ന് പിന്‍മാറിയത്. ഇതേത്തുടര്‍ന്ന് ഉച്ചകോടി മാറ്റിവെക്കുന്നതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ പാകിസ്ഥാനെ ഭീഷണിപ്പെടുത്തുന്നതില്‍ മാത്രമാണ് ആഭിമുഖ്യം കാണിക്കുന്നത്. പാകിസ്താന്‍ ഭൂട്ടാനല്ലെന്ന് ഇന്ത്യ തിരിച്ചറിയണം. അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളാണ് പാകിസ്താനെതിരെ ഉന്നയിക്കുന്നത്.

ഇതിന് പാകിസ്താന്‍ സൈന്യം മറുപടി നല്‍കിയാല്‍ അത് പ്രായോഗിക രൂപത്തിലായിരിക്കും. ഇന്ത്യന്‍ മണ്ണില്‍ ഏതൊരാക്രമണമുണ്ടായാലും അതില്‍ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് ഇന്ത്യക്ക് ഒരു ശീലമായിരിക്കുകയാണെന്നും മുഷ്‌റഫ് പറഞ്ഞു.

അഭിമുഖത്തില്‍ പാക് സര്‍ക്കാരിനെയും മുഷറഫ് വിമര്‍ശിച്ചു. 3500 കോടി ഡോളര്‍ കടമെടുത്ത് ചെലവഴിച്ചിട്ടും ഒരു വന്‍ പദ്ധതി പോലും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. നവാസ് ഷെരീഫ് സര്‍ക്കാരിന്റെ അഴിമതി കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും മുഷറഫ് പറഞ്ഞു.

അഴിമതി, ഇന്ത്യയുടെ സൈനിക നീക്കം എന്നിവ ഉയര്‍ത്തിക്കാണിച്ച് ഇമ്രാന്‍ഖാന്റെ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയും സര്‍ക്കാരിനെതിരെ റാലി സംഘടിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more